സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് ആരാണ് അധികാരം കൊടുത്തത്; അക്രമ ഗൂഢാലോചന നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിയെ മറികടന്നത് ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹർജിയിൽ പരമാർശവുമായി കേരള ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രൻ കാണിച്ച കാര്യങ്ങൾ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രൻ അവിടെ പോയതെന്നും ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പേരക്കുട്ടിക്ക് ചോറൂണ് നൽകാനും ശബരിമല ദർശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലിൽ വച്ച് സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേൽപ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിനുമാണ് കേസ്.
എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലിൽ അടയ്ക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. മന്ത്രിമാർക്കെതിരെ കേസില്ലേ എന്ന കോടതിയുടെ പരാമർശവും നിർണ്ണായകമാണ്. സുരേന്ദ്രനെ പോലെ ഒരു പാർട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാൾ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരിൽ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ ബാക്കി വാദം പൂർത്തിയാക്കി വെള്ളിയാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. സുരേന്ദ്രന്റെ പേരിൽ നിലവിൽ നിരവധി കേസുകളുണ്ട്. എട്ട് വാറന്റുകൾ സുരേന്ദ്രന്റെ പേരിൽ നിലവിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ മന്ത്രിമാർക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാൻ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു. എന്നാൽ ചിത്തിര ആട്ട വിശേഷത്തിന് സുരേന്ദ്രന്റെ പേരിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇതിന്റ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group