
കുവൈറ്റില്‍ നിന്നും നാടുകടത്തപ്പെട്ട് കേരളത്തില്‍ എത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും.
അന്വേഷണത്തിന് അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നല്‍കണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ നിലവിലുള്ള അന്വേഷണസംഘത്തിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂരജ് ലാമ കൊച്ചിയില്‍ എത്തിയത് മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സൂരജ് ലാമയുടെ തിരോധാനത്തില്‍ മകൻ സാന്തൻ ലാമ നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, എം.ബി.സ്നേഹലതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണകളില്‍ ഹർജി പരിഗണിക്കവെ സൂരജ് ലാമയുടെ മരണത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.



