സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന്റെ വഴിവിട്ട ഇടപെടൽ ശക്തം ; ജസ്റ്റിസ് മദൻ ബി.ലോക്കൂർ
സ്വന്തം ലേഖിക
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരിൽ ചാരപ്പണി നടത്തുകയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയെന്നും ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ശക്തമാണെന്നും മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി.ലോകുർ ആരോപിച്ചു.
ജഡ്ജിമാരെ ഇന്റലിജിൻസ് ബ്യൂറോ നിരീക്ഷിക്കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നടിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കഴിഞ്ഞ വർഷം പരസ്യമായി പത്രസമ്മേളനം നടത്തി വിവാദമുണ്ടാക്കിയ നാല് ജഡ്ജിമാരിൽ ഒരാളാണ് മദൻ ലോക്കുർ.
അടുത്തിടെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അറിവോടെ ആണോ എന്ന് ലോക്കുർ ചോദിച്ചു. ജസ്റ്റിസ് താഹിൽ രമണിയെ പറ്റിയുള്ള ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിൽ തുടരന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ജഡ്ജിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആണോ ഇന്റലിജിൻസ് ബ്യൂറോ ഈ റിപ്പോർട്ട് നൽകിയത്?
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇത് പോലെ എത്ര ജഡ്ജിമാരെ ഐ.ബി നിരീക്ഷിക്കുന്നുണ്ട്? ഭയമോ, പക്ഷപാതമോ ഇല്ലാതെ വിധി പ്രസ്താവിക്കേണ്ട ജഡ്ജിമാർ, ഇന്റലിജിൻസ് ബ്യൂറോയുടെ നിരീക്ഷണത്തിൽ വിധി എഴുതേണ്ടി വരുന്നത് ഭയപ്പാട് ഉളവാക്കുന്നതാണ്. ഇന്റലിജിൻസ് ബ്യൂറോയെ അന്ധമായി വിശ്വസിക്കരുത്. ജസ്റ്റിസ് താഹിൽ രമണിയുടെ സ്ഥലംമാറ്റം മാന്യമായി പരിഹരിക്കേണ്ടതായിരുന്നു. ഇവരെ കൂടാതെ ജസ്റ്റിസ് അഖിൽ ഖുറേഷി, ചീഫ് ജസ്റ്റിസ് എന്നിവരെയും കേന്ദ്രം വിടാതെ പിടികൂടിയിരിക്കയാണ്. എന്നും ലോകുർ ചൂണ്ടിക്കാട്ടി.
ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 2015 ൽ റദ്ദാക്കിയെങ്കിലും ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാണ്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച 43 കൊളീജിയം ശുപാർശകളിൽ സർക്കാർ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് കേന്ദ്ര നിയമമന്ത്രിക്ക് ചീഫ് ജസ്റ്റിസ് കത്ത് എഴുതേണ്ടിവന്നു. ഹൈക്കോടതികളിൽ ജഡ്ജിമാരുടെ 37ശതമാനം തസ്തികകൾ ഒഴിവുണ്ട്. കേന്ദ്ര സർക്കാർ കൃത്യമായ വിവരം നൽകാത്തതിനാൽ പത്ത് പേരുടെ നിയമനത്തിൽ കൊളീജിയം തീരുമാനം വൈകി..
ജുഡിഷ്യൽ കമ്മിഷൻ ഭരണഘടനാവിരുദ്ധം
സുപ്രീംകോടതി തള്ളിക്കളഞ്ഞ ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷൻ ഫ്രാങ്കൻസ്റ്റീനിന്റെ രക്ഷസീയ സൃഷ്ടിയെ പോലെ അതിന്റെ തല വീണ്ടും പൊക്കിത്തുടങ്ങിയിട്ടുണ്ട്. അതൊരു ഭീകരജീവിയാണ്. ജുഡിഷ്യൽ കമ്മിഷനെ തിരിച്ചുകൊണ്ടുവരാനായി ഇനി ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ല. അതിപ്പോൾതന്നെ പ്രതികാര ബുദ്ധിയോടെ നിലവിലുണ്ട്.’ ജസ്റ്റിസ് ലോക്കുർ പരിഹസിച്ചു.