കെ.എം. ഷാജിയ്ക്കും മുസ്ലീം ലീഗിനും ആശ്വാസം; നിയമസഭയിൽ ഷാജിക്ക് വോട്ട് ചെയ്യാം എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല: സുപ്രീംകോടതി
സ്വന്തം ലേഖകൻ
ദില്ലി: വർഗ്ഗീയ പ്രചരണം നടത്തിയ പരാതിയിൽ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹർജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിധിക്കെതിരെ കെ.എം.ഷാജിയുടെ ഹർജിയിൽ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കും.
കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമില്ലെന്ന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നാളെ അവസാനിക്കുകയാണെന്നും കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് തയ്യാറായില്ല. സ്റ്റേ ഉത്തരവിൻറെ ബലത്തിൽ എം.എൽ.എയായി തുടരാൻ ആണോ കെ.എം.ഷാജി ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു.
ഉത്തരവൊന്നും ഇറക്കാതെ വാക്കാൽ തെരഞ്ഞെടുപ്പ് കേസിലെ സാധാരണ നടപടിക്രമങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിശദീകരിക്കുക മാത്രമാണ് ചെയ്തത്. വാക്കാൽ പരാമർശം ഉത്തരവായി കണക്കാക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ കേസ് സുപ്രീംകോടതി പരിഗണിച്ച് ഇടക്കാല ഉത്തരവ് ഇറങ്ങുന്നതുവരെ കെ.എം.ഷാജിക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.വി.നികേഷ്‌കുമാർ നൽകിയ ഹർജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്.