
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തില്‍ നേരത്തേ ലഭിച്ചിരുന്ന അതേ സൗകര്യങ്ങള്‍ക്കു സ്ത്രീക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നല്കാൻ ഭർത്താവിനോടു നിർദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
2008ല്‍ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടതാണു കേസ്. ഡോക്ടറായ ഭർത്താവാണ് 2019ല്‍ വിവാഹമോചന ഹർജി നല്‍കിയത്. ഇതു നിലനില്‍ക്കെ, ജീവനാംശമായി പ്രതിമാസം രണ്ടര ലക്ഷം രൂപയും കേസ് ചെലവിലേക്കു 2 ലക്ഷം രൂപയും നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ ചെന്നൈ കുടുംബക്കോടതിയെ സമീപിച്ചു. എംഎസ്സി യോഗ്യതയുള്ള തനിക്കു നേരത്തേ ജോലിയുണ്ടായിരുന്നെന്നും ഭർത്താവിന്റെ നിർബന്ധപ്രകാരം ഇത് ഉപേക്ഷിക്കേണ്ടിവന്നെന്നും ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതും അവർ അനുഭവിച്ചിരുന്ന ജീവിതസാഹചര്യങ്ങളും പരിഗണിച്ച കോടതി 1.75 ലക്ഷം രൂപ ഇടക്കാല ജീവനാംശം നല്കാൻ വിധിച്ചു. ഇതു ചോദ്യംചെയ്ത് ഭർത്താവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ ജീവനാംശം 80,000 രൂപയായി കുറവു ചെയ്തു. തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. കുടുംബക്കോടതി വിധിച്ച 1.75 ലക്ഷം രൂപ ജീവനാംശം ഇടക്കാല ആശ്വാസമെന്ന നിലയില്‍ പുനഃസ്ഥാപിച്ചു നല്കുകയാണു സുപ്രീം കോടതി ചെയ്തത്.