play-sharp-fill
പാറപൊട്ടിക്കൽ ദൂരപരിധി: ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

പാറപൊട്ടിക്കൽ ദൂരപരിധി: ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനവാസമേഖലയിൽ നിന്ന് 200 മീറ്റർ അകലെ മാത്രം പാറമടകൾ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.


ക്വാറി ഉടമകൾ നൽകിയ ഹർജി സെപ്റ്റംബർ ഒന്നിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നിലവിൽ പ്രവർത്തിക്കുന്ന ചില ക്വാറികളെയും ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളൂവെന്ന ഉത്തരവ് പുറപ്പടുവിച്ചത്.

എന്നാൽ സ്വമേധയാ എടുത്ത കേസിൽ ഹരിത ട്രൈബ്യൂണലിന് ഇത്തരത്തിൽ വിധി പ്രസ്താവിക്കാൻ കഴിയില്ലെന്നായിരുന്നു ക്വാറി ഉടമകളുടെ വാദം. ഈ വാദം ഭാഗികമായി അംഗീകരിച്ച ഹൈക്കോടതി ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കുകയും, വിഷയം വീണ്ടും പരിഗണിക്കാൻ ട്രൈബ്യൂണലിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് ഹരിത ട്രൈബ്യൂണൽ വിധി ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കും ഹരിത ട്രൈബ്യൂണൽ വിധി ബാധകമാകും. നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഇക്കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്റ്റേ ഉത്തരവ് തിരിച്ചടിയല്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകർ അറിയിച്ചു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോൾ ഉത്തരവിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകർ പറഞ്ഞു.