
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി. വ്യത്യസ്ത പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും ഒന്നിലധികം ഇടങ്ങളിൽ വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന സർക്കുലർ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരുന്നു, ഈ സർക്കുലർ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കുകയും ഇതിനെതിരെ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ആണ് സുപ്രീംകോടതിയുടെ വിധി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നടപ്പാക്കരുത് എന്നാണ് സുപ്രീംകോടതി നിർദേശിച്ചത് . നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കുലർ പുറത്തിറക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 2016ലെ ഉത്തരാഖണ്ഡ് പഞ്ചായത്ത് ആക്ടിന്റെ 9 (6) ,9 (7) വകുപ്പുകൾ പ്രകാരം വോട്ടർ പട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആകില്ല. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് മാരായ വിക്രം നാഥ് , സന്ദീപ് മേത്ത എന്നിവ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് 2 ലക്ഷം രൂപ പിഴയും വിധിച്ചു.