play-sharp-fill
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണം: മരടിൽ വേണ്ട; സി.പി.എമ്മിന്റെ സുപ്രീം കോടതി സ്‌നേഹത്തിലെ ഇരട്ടത്താപ്പ് കൊച്ചിയിൽ പുറത്ത്; സുപ്രീം കോടതി വിധിയോടുള്ള സിപിഎം പ്രേമം പാലായിൽ തിരഞ്ഞെടുപ്പ് വിഷയമാക്കി യുഡിഎഫും ബിജെപിയും

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണം: മരടിൽ വേണ്ട; സി.പി.എമ്മിന്റെ സുപ്രീം കോടതി സ്‌നേഹത്തിലെ ഇരട്ടത്താപ്പ് കൊച്ചിയിൽ പുറത്ത്; സുപ്രീം കോടതി വിധിയോടുള്ള സിപിഎം പ്രേമം പാലായിൽ തിരഞ്ഞെടുപ്പ് വിഷയമാക്കി യുഡിഎഫും ബിജെപിയും

സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയാണെന്നും, ഇത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ വാദിച്ച പാർട്ടി സിപിഎമ്മായിരുന്നു. വേണ്ടിവന്നാൽ വിധി നടപ്പാക്കാൻ സിപിഎം തന്നെ സ്ത്രീകളെ മലകയറ്റും എന്നു പോലും പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മരടിലെ ഫ്‌ളാറ്റിന്റെ വിഷയം വന്നപ്പോൾ സുപ്രീം കോടതിവിധിയ്ക്ക് സിപിഎം നൽകുന്ന പുല്ലുവില. പാവപ്പെട്ടവരുടെ പാർട്ടി ചെറ്റക്കുടിലിൽ നിന്നും ഫ്‌ളാറ്റുകളിലേയ്ക്കു വളർന്നപ്പോൾ പാർട്ടിയുടെ സ്റ്റാറ്റസും മാറി. ശബരിമലയിൽ നിയമം നടപ്പാക്കാൻ തോക്കും വടിയും പൊലീസ് കാവലുമായി തെരുവിലിറങ്ങിയ സിപിഎം ഇവിടെ ജനത്തെ അണിനിരത്തി സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ്.
23 ന് നടക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പ്രധാനമായും ആയുധമാക്കുക മരടിലെയും ശബരിമലയിലെയും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വിധിയായിരിക്കും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൽപ്പിച്ച് 144 പ്രഖ്യാപിച്ച സിപിഎം ഇവിടെ വൻ സന്നാഹമാണ് ഒരുക്കിയത്. യുവതികൾ എത്തിയാൽ തടയാൻ സാധിക്കില്ലെന്നും തങ്ങൾക്ക് ഇവിടെ ഒന്നും ചെയ്യാനാവില്ലെന്നും, സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് ഏക മാർഗമെന്നുമായിരുന്നു അന്ന് സിപിഎം ഉയർത്തിയ വാദം. ഇതിന്റെ പേരിൽ ശബരിമലയിൽ എത്തിയ നൂറുകണക്കിന് ആർ.എസ്.എസ്. സംഘപരിവാർ പ്രവർത്തകർക്കാണ് കേസിൽ കുടുങ്ങി ജയിലിൽ കഴിയേണ്ടിയതായി പോലും വന്നത്.
എന്നാൽ, മരടിൽ എത്തിയതോടെ സിപിഎം ഇരട്ടത്താപ്പിലേയ്ക്ക്് കടന്നു. ശതകോടീശ്വരൻമാർ ആഡംബരത്തിന് വേണ്ടി മാത്രം വാങ്ങിയിട്ടിരുന്ന കോടികൾ വിലയുള്ള ഫ്‌ളാറ്റുകൾ പൊളിച്ചു കളയുന്നതിനുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ സിപിഎം രംഗത്ത് എത്തിയത് ഈ സാഹചര്യത്തിലാണ്. 1472 ഫ്‌ളാറ്റുകളിൽ 343 പേർ മാത്രമാണ് കുടുംബമായി താമസിക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത്. ഫ്‌ളാറ്റിലെ മറ്റുള്ള താമസക്കാർ എല്ലാവരും തന്നെ ബിനാമികളോ, ആഡംബരത്തിനു വേണ്ടിയോ ഗസ്റ്റ് ഹൗസിനു വേണ്ടിയോ മാത്രം കോടികൾ മുടക്കി ഫ്‌ളാറ്റുകൾ വാങ്ങിയവരാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം ലംഘിക്കാൻ സുപ്രീം കോടതി വിധിയുടെ മറവിൽ കൂട്ടു നിന്ന സിപിഎമ്മാണ് വെറും മുന്നൂറു പേരെ മാത്രം ബാധിക്കുന്ന ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിന്റെ പേരിൽ സർവകക്ഷിയോഗം വിളിക്കാനും ചർച്ച നടത്താനും തയ്യാറായിരിക്കുന്നത്. ശബരിമല വിഷയത്തിൽ ഒരു ഘട്ടത്തിൽ പോലും  ഇത്തരം ചർച്ചകൾക്ക് തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇപ്പോൾ ഫ്‌ളാറ്റ് വിഷയത്തിൽ ചർച്ച നടത്താനായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് തന്നെയാണ് പാലാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ബിജെപിയും യുഡിഎഫും പ്രചാരണ ആയുധമാക്കി രംഗത്തിറങ്ങിയിരിക്കുന്നത്.