
അനാവശ്യമായ അപ്പീലുകള്‍ നല്‍കി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി.
കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി സര്‍ക്കാരിന് 25,000 രൂപ പിഴയും ചുമത്തി. സി ഐ എസ് എഫ് കോണ്‍സ്റ്റബിളിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ നടപടി.
ഒരു കോണ്‍സ്റ്റബിളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. ഇതില്‍ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമര്‍ശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ തന്നെ ഇത്തരം ഹര്‍ജികള്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള സംവിധാനം അടിയന്തരമായി ഉണ്ടാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതികളില്‍ കേസുകള്‍ കുമിഞ്ഞുകൂടാന്‍ പ്രധാന കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. അപ്പീലുകള്‍ നല്‍കുന്നത് ഒരു ശീലമായി മാറുന്നതിന് പകരം അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നായി മാറണം.



