
ന്യൂഡൽഹി: കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിൽ നാലിൽ ഒന്നിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭർത്താവിന്റെ സ്വത്തിൽ നാലിൽ മൂന്നിന് അവകാശമുന്നയിച്ച ഹരജി ബോംബൈ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് നൽകിയ അപ്പീൽ പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവർത്തിച്ചത്.
മരിച്ചയാളുടെ സഹോദരൻ നടപ്പാക്കിയ വിൽപ്പന കരാർ വിധവയുടെ അനന്തരാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി വ്യക്തമാക്കി. ചാന്ദ് ഖാൻ എന്ന മരിച്ചയാളുടെ സ്വത്തുമായി ബന്ധപ്പെട്ടതാണ് കേസ്. ചാന്ദ് ഖാന്റെ നേർ അനന്തരാവകാശി താനാണെന്നും സ്വത്തിൽ നാലിൽ മൂന്നും വേണമെന്നുമാണ് ഭാര്യ സുഹ്റാബി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് കീഴ്ക്‌കോടതികൾ തള്ളി. തുടർന്നാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
ഒരു മുസ്‌ലിം മരണസമയത്ത് അവശേഷിപ്പിക്കുന്ന എല്ലാ സ്ഥാവര, ജംഗമ സ്വത്തുക്കളും സ്വത്തിൽ ഉൾപ്പെടുന്നുവെന്ന് സുപ്രിംകോടതി വിശദീകരിച്ചു. വിതരണത്തിന് മുമ്പ്, സ്വത്തിന്റെ മൂന്നിലൊന്ന് വരെയുള്ള സാധുവായ ഏതെങ്കിലും വസ്വിയ്യത്തും മരിച്ചയാളുടെ കടങ്ങളും നിറവേറ്റണം. ബാക്കിയുള്ള സ്വത്ത് ഖുർആനിൽ നിർദ്ദേശിച്ചിരിക്കുന്ന നിശ്ചിത ഓഹരികൾക്കനുസരിച്ച് അവകാശികൾക്കിടയിൽ വിതരണം ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖുർആനിലെ നാലാം അധ്യായം, വാക്യം 12 പ്രകാരം, കുട്ടികളോ പിൻഗാമികളോ ഇല്ലെങ്കിൽ വിധവയുടെ വിഹിതം ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നാണെന്നും കുട്ടികൾ ഉണ്ടെങ്കിൽ എട്ടിലൊന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ, ചാന്ദ് ഖാൻ കുട്ടികളില്ലാതെ മരിച്ചതിനാൽ, അദ്ദേഹത്തിന്റെ വിധവയ്ക്ക് സ്വത്തിന്റെ നാലിലൊന്ന് അവകാശമുണ്ട്. ബാക്കിയുള്ള വിഹിതം ചാന്ദ് ഖാന്റെ സഹോദരൻ ഉൾപ്പെടെയുള്ള മറ്റ് അവകാശികൾക്ക് അർഹതപ്പെട്ടതാണ്.
മുസ്‌ലിം അനന്തരാവകാശം മുൻകൂട്ടി നിശ്ചയിച്ച ഖുർആനിക ഓഹരികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി അടിവരയിട്ടു. അത് വിവേചനാധികാരത്തിന് ഇടം നൽകുന്നില്ല. എന്നാൽ, അവകാശികൾക്കിടയിൽ തുല്യത ഉറപ്പാക്കുന്നു.
11 മുസ്‌ലിം അനന്തരാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് നിശ്ചിത വിഹിതത്തിന് അർഹതയുണ്ട്. ഭാര്യക്ക് എട്ടിലൊന്ന് വിഹിതത്തിനും അർഹതയുണ്ട്. എന്നാൽ, ഒരു കുട്ടിയോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ വിഹിതം നാലിലൊന്നായിരിക്കും.സുപ്രിംകോടതി വ്യക്തമാക്കി.