കൊറോണ വൈറസിൽ കുടുങ്ങി ശബരിമലയും പൗരത്വഭേദഗതി നിയമവും :സുപ്രീംകോടതിയുടെ വാദം കേൾക്കൽ വൈകും; അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാവും ഇനി പരിഗണിക്കുക
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല വിഷയവും പൗരത്വനിയമ ഭേദഗതിയിലും സുപ്രീംകോടതിയുടെ വാദം കേൾക്കൽ വൈകും. അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാവും ഇനി പരിഗണിക്കുക.
ശബരിമല കേസിൽ പന്ത്രണ്ടു ദിവസത്തോളം വാദം നടക്കും. ഇന്നു മുതൽ വാദം കേൾക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണയെ തുടർന്ന് വാദം കേൾക്കുന്നത് മാറ്റിയിരിക്കുകയാണ്. ശബരിമല വിഷയത്തിന് ശേഷം പൗരത്വനിയമ ഭേദഗതിയിൽ വാദം കേൾക്കും. കഴിഞ്ഞ നവംബറിൽ ശബരിമല വിഷയയത്തിൽ തീരുമാനം എടുത്തത് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിച്ച ഒൻപതംഗ ബെഞ്ചിന് ഒരു ദിവസം മാത്രമേ വാദം കേൾക്കാൻ സാധിച്ചിരുന്നുള്ളൂ. ബെഞ്ചിലെ ചില ജഡ്ജിമാർ പനിയെ തുടർന്ന് അവധിയിലായതിനാലാണ് വാദം കേൾക്കുന്നത് മാറ്റി വച്ചത്. ഹോളി അവധിക്ക് ശേഷം വാദം കേൾക്കുന്നത് നിശ്ചയിച്ചിരുന്നു. എന്നാൽ കൊറോണയെ തുടർന്നാണ് ഈ തീയതിയും ഇപ്പോൾ മാറ്റിവച്ചത്.
പൗരത്വഭേദഗതി വിഷയത്തിൽ വാദം കേൾക്കുന്നത് ശബരിമല വിഷയത്തിന് ശേഷമാകും. 140ലേറെ ഹർജികൾ ഈ വിഷയത്തിൽ സുപ്രീംകോടതിയിലെത്തി. ശബരിമല വിഷയത്തിനിടയിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളും കൂടി പരിഗണിക്കണമെന്ന് ഹർജിക്കാർ അപേക്ഷിച്ചിരുന്നു. പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുകാശ്മീരിന് പ്രത്യേകമായ അധികാരം നൽകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലും വാദം കേൾക്കാനുണ്ട്.
ശബരിമലയ്ക്കും പൗരത്വഭേദഗതി നിയമത്തിനും ശേഷമായിരിക്കും കാശ്മീർ വിഷയത്തിൽ വാദം കേൾക്കുന്നത്. ഈ കേസ് ഇപ്പോഴത്തെ അഞ്ചംഗബെഞ്ച് തന്നെ കേട്ടാൽ മതിയെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. മുസ്ലീംസ്ത്രീകളുടെ പള്ളിപ്രവേശം, മറ്റുമതത്തിലെ പുരുഷന്മാരുമായി വിവാഹം നടന്ന പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്ലീം പെൺകുട്ടികളുടെ (ദാവൂദിബോറ സമുദായം)ചേലാകർമ്മം എന്നിവയും സുപ്രീംകോടതിയുടെ പരിഗണനയിൽ അടിയന്തിരമായി വാദം കേൾക്കണ്ടവയാണ്.