
ദില്ലി: വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകാര്യമല്ലെന്നും നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് വിധിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. വിവാഹമോചനക്കേസുകളിൽ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമിടുന്നതാണ് കോടതി വിധി. വിവാഹമോചന കേസുകളിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ കക്ഷികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. അതേസമയം, സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വിധി വഴിയൊരുക്കാൻ സാധ്യതയുണ്ട്.