
കോട്ടയം: അറുനൂറു രൂപയ്‌ക്കടുത്തു വരെ കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി ഇന്നലെ മുതല്‍ മുതല്‍ സപ്ലൈക്കോ ഔട്ട്‌ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്കു വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും വെളിച്ചെണ്ണ ഒരു ഔട്ട്‌ലെറ്റിലും എത്തിയില്ല
15 മുതല്‍ വെളിച്ചെണ്ണ എത്തുമെന്നാണു സപ്ലൈക്കോ അധികൃതര്‍ നല്‍കുന്ന വിവരം. പൊതുവിപണയില്‍ അറുനൂറു രൂപ വരെ ഉണ്ടായിരുന്ന വെളിച്ചെണ്ണ വില കുറഞ്ഞു 390 രൂപവരെയെത്തിയതാണു സപ്ലൈക്കോയ്‌ക്കു തിരിച്ചടിയായത്.
ഇതോടെ 457 രൂപയ്‌ക്കു സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണ സപ്ലൈക്കോയില്‍ നിന്നു വാങ്ങേണ്ട അവസ്‌ഥയാണിപ്പോള്‍.
വെളിച്ചെണ്ണ വില്‍പന ഗണ്യമായി കുറയുകയും വന്‍കിട കമ്പനികള്‍ വിപണിയില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്‌തതോടെ തമിഴ്‌നാട് മാര്‍ക്കറ്റില്‍ കൊപ്രയുടെ വില പൊടുന്നനെ കുറയുകയായിരുന്നു. മാര്‍ക്കറ്റില്‍ ആവശ്യത്തിനു കൊപ്ര ലഭ്യമാണ്. കൊപ്ര വില കുറഞ്ഞ സ്‌ഥിതിക്കു വെളിച്ചെണ്ണ വില ലിറ്ററിന് 390 രൂപയ്‌ക്കു വില്‍ക്കാന്‍ സാധിക്കുമെന്നു വ്യാപാരികള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം വിപണി മുന്നില്‍ക്കണ്ടു പൂഴ്‌ത്തിവച്ചിരുന്ന കൊപ്രയാണു മാര്‍ക്കറ്റിലേക്കു വരാന്‍ തുടങ്ങിയത്. വെളിച്ചെണ്ണ വില വന്‍തോതില്‍ കൂടിയതു മൂലം വില്‍പന ഗണ്യമായി കുറഞ്ഞിരുന്നു. ചെറുകിട മില്ലുകളില്‍ പലതും ഇതോടെ പ്രവര്‍ത്തനം നിര്‍ത്തി. ഓണം വിപണി മുന്നില്‍ക്കണ്ടു തമിഴ്‌നാട്ടിലെ വന്‍കിട കച്ചവടക്കാര്‍ കൊപ്ര വ്യാപകമായി ശേഖരിച്ചിരുന്നു.
എന്നാല്‍, കേരളത്തിലെ 93 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2 മാസം ഒരു ലീറ്റര്‍ വെളിച്ചെണ്ണ വീതം സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഓണം കോള് പ്രതീക്ഷിച്ചതു പോലെ ഉണ്ടാവില്ലെന്നു വ്യക്‌തമായി. ഇതാണു കൊപ്രാ വിറ്റഴിക്കാനുള്ള കാരണം. ഓണമെത്തുമ്ബോഴേക്കും ലിറ്ററിന് 350 രൂപയാകാനാണു നിലവിലെ സാധ്യത. ഓണത്തിനു വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്‌ക്കു നല്‍കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം.
കൊപ്ര വില പൊടുന്നനെ കുറഞ്ഞതു കേരഫെഡിന് തിരിച്ചടിയായി. മാര്‍ക്കറ്റില്‍ കൊപ്രയ്‌ക്ക് ഏറ്റവും ഉയര്‍ന്ന വില വന്നതു കിലോഗ്രാമിന് 275 രൂപയും കുറഞ്ഞ വില 215 രൂപയുമാണ്. എന്നാല്‍, കേര ഫെഡ് കൊപ്ര സംഭരിച്ചതാവട്ടെ 299 രൂപയ്‌ക്കും.