
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം ജനുവരി 10 മുതൽ നിർത്താനൊരുങ്ങി മരുന്ന് മൊത്തവിതരണക്കാർ. ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) അറിയിച്ചു.
മരുന്നുവിതരണം നിർത്തുന്ന വിവരമറിയിച്ച് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പുറമേ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ന്യായവില മരുന്നുവിൽപ്പനകേന്ദ്രം ഓഫീസർ ഇൻ ചാർജ്, മെഡിക്കൽ കോളേജ് അക്കൗണ്ട് ഓഫീസർ എന്നിവർക്കും കത്തയച്ചിട്ടുണ്ടെന്ന് എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി സി. ശിവരാമൻ പറഞ്ഞു.
മെഡിക്കൽകോളേജ് ആശുപത്രിയിലെ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുവിതരണത്തിനായുള്ള ന്യായവില മരുന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്ക് ടെൻഡറിലൂടെയാണ് വ്യാപാരികൾ മരുന്നുനൽകുന്നത്. കുറഞ്ഞനിരക്കിൽ മരുന്ന് നൽകിയയിനത്തിൽതന്നെ 90 കോടി രൂപയിലേറെ നൽകാനുണ്ട്. മരുന്നു വിതരണം നിലയ്ക്കുന്നതോടെ ആശുപത്രിയിലെ ദൈനംദിന പ്രവർത്തനം താളംതെറ്റും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവൻരക്ഷാ മരുന്നുകളുടെ വിതരണക്കാർക്കും കോടിക്കണക്കിന് രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞവർഷം സമാനരീതിയിൽ വലിയതോതിൽ കുടിശ്ശിക ഉയർന്നപ്പോൾ സമരപ്രഖ്യാപനം നടത്തിയതിനെത്തുടർന്ന് 30 ശതമാനംമാത്രം നൽകിയാണ് സമരത്തിൽനിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചത്. ഇത്തവണ അതിന് തയ്യാറല്ലെന്ന് വ്യാപാരികൾ അറിയിച്ചു.