
രണ്ടാം അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിത് ശര്‍മ ; തുടര്‍ച്ചയായ നാലാം ജയം ; മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന് ; പട്ടികയില്‍ മൂന്നാമത്
ഹൈദരാബാദ്: രോഹിത് ശര്‍മ വീണ്ടും കത്തിക്കയറിയപ്പോള്‍ ഹൈദരാബാദില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.4 ഓവറില്‍ മുംബൈ മറികടന്നു. മുംബൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റോടെ മുബൈ പട്ടികയില്‍ മൂന്നാമതെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് റിയാന്‍ റിക്കെല്‍ട്ടണിന്റെ(11) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ താരം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വില്‍ ജാക്ക്‌സും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. കഴിഞ്ഞ മത്സരത്തിന് സമാനമായി രോഹിത് ശര്‍മ തകര്‍ത്തടിക്കുന്ന കാഴ്ചയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ കണ്ടത്. രോഹിത് പതിവ് ഫോമിലേക്കുയര്‍ന്നതോടെ ഹൈദരാബാദ് പ്രതീക്ഷകള്‍ കൈവിട്ടു. അര്‍ധസെഞ്ചുറി തികച്ച രോഹിത് ടീമിന്റെ ടോപ് സ്‌കോററുമായി.
സ്‌കോര്‍ 77 ല്‍ നില്‍ക്കേ വില്‍ ജാക്ക്‌സിനെ (22) നഷ്ടമായെങ്കിലും സൂര്യകുമാറുമൊത്ത് രോഹിത് ടീമിനെ ജയത്തിനരികിലെത്തിച്ചു. 46 പന്തില്‍ നിന്ന് എട്ട് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ 70 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സൂര്യകുമാറും(40) തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ 15.4 ഓവറില്‍ ജയത്തിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച്ച് 143 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റേത് മോശം തുടക്കമായിരുന്നു. 13 റണ്‍സിനിടെ തന്നെ ടീമിന് നാല് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. ട്രൈവിസ് ഹെഡ്(0), ഇഷാന്‍ കിഷന്‍(1), അഭിഷേക് ശര്‍മ(8), നിതീഷ് കുമാര്‍ റെഡ്ഡി(2) എന്നിവര്‍ വേഗം കൂടാരം കയറി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദ് സകോറുയര്‍ത്തിയത്.
12 റണ്‍സെടുത്ത അനികേത് വര്‍മ പുറത്തായതോടെ ഹൈദരാബാദ് 35-5 എന്ന നിലയിലായി. എന്നാല്‍ അഭിനവ് മനോഹറുമൊത്ത് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ക്ലാസന്‍ സകോര്‍ നൂറ് കടത്തി. 44 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിനവ് മനോഹര്‍ 43 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച്ച് 143 റണ്‍സെടുത്തു.നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ട്രന്റ് ബോള്‍ട്ടാണ് മുംബൈക്കായി തിളങ്ങിയത്.