
അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും അടിച്ചുതകര്‍ത്തു ; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് ; രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 246 റണ്‍സ്
ഹൈദരാബാദ്: ആദ്യം ബാറ്റുചെയ്ത് 246 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ആന്റി-ക്ലൈമാക്‌സ് പഞ്ചാബ് കിങ്‌സ് സ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. പഞ്ചാബിന്റെ വെടിക്കെട്ടിന് അതേ നാണയത്തില്‍ ഹൈദരാബാദിന്റെ തിരിച്ചടി. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും അടിച്ചുതകര്‍ത്തപ്പോള്‍ ഹൈദരാബാദിന് ചരിത്രജയം. രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് 246 റണ്‍സെന്ന ലക്ഷ്യത്തിലെത്തി. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചേസിങ്ങുകളിലൊന്നിനാണ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോൾ ഹൈദരാബാദ് ഓപ്പണർമാർമാരുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ല. മറിച്ച് ലക്ഷ്യം മറികടക്കാമെന്നുള്ള ആത്മവിശ്വാസമായിരുന്നു. അത് അന്വർഥമാക്കുന്ന കാഴ്ചയായിരുന്നു പിന്നീട് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും കത്തിക്കയറി. സണ്‍റൈസേഴ്‌സ് ആദ്യ നാലോവറില്‍ തന്നെ അമ്പതിലെത്തി. പവര്‍പ്ലേ കഴിയുമ്പോള്‍ സ്‌കോര്‍ 83 ലും. അഭിഷേക് ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. ഏഴാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. അതും 19 പന്തില്‍ നിന്ന്.
പിന്നീട് ട്രാവിസ് ഹെഡിന്റെ ഊഴമായിരുന്നു. ഹെഡും അടിച്ചുതകര്‍ത്തതോടെ ടീം എട്ടോവറില്‍ 109 ലെത്തി. പിന്നീട് പഞ്ചാബ് ബൗളര്‍മാര്‍ നിലംതൊട്ടില്ല. എറിഞ്ഞ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. പത്തോവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഹൈദരാബാദ് 143 റണ്‍സെടുത്തു. അതായത് 60 പന്തില്‍ ജയിക്കാന്‍ വേണ്ടത് 103 റണ്‍സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുക്കം ടീം സ്‌കോര്‍ 171 ല്‍ നില്‍ക്കുമ്പോഴാണ് ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. 37 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെടെ 66 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് വിക്കറ്റിലെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പിന്നാലെ അഭിഷേക് ശര്‍മ സെഞ്ചുറി പൂര്‍ത്തിയാക്കി. 40 പന്തില്‍ നിന്നാണ് താരം മൂന്നക്കം കടന്നത്.
പിന്നാലെ മൂന്നാമനായി ഇറങ്ങിയ ഹെന്റിച്ച് ക്ലാസനെ ഒരുവശത്ത് നിർത്തി അഭിഷേക് വെടിക്കെട്ട് തുടർന്നു. പഞ്ചാബ് താരങ്ങൾക്ക് അത് നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പതിനേഴാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ പുറത്തായി അഭിഷേക് കൂടാരം കയറുമ്പോള്‍ എസ്ആര്‍എച്ച് സ്‌കോര്‍ 222 ലെത്തിയിരുന്നു. പിന്നീട് ക്ലാസനും ഇഷാന്‍ കിഷനും ടീമിനെ ജയത്തിലെത്തിച്ചു. 18.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് ലക്ഷ്യത്തിലെത്തിയത്.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ടിന് തിരുകൊളുത്തി. അതോടെ മൂന്നോവറില്‍ തന്നെ ടീം അമ്പതിലെത്തി. നാലാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ ശ്രേയസ്സ് അയ്യരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ കുതിച്ചു. 13 പന്തില്‍ 36 റണ്‍സെടുത്താണ് പ്രിയാന്‍ഷ് മടങ്ങിയത്. പഞ്ചാബ് ആദ്യ ആറോവറില്‍ 89 റണ്‍സാണ് അടിച്ചെടുത്തത്.
പിന്നാലെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പഞ്ചാബിന് നഷ്ടമായി. 23 പന്ത് നേരിട്ട താരം 42 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ നേഹല്‍ വധേരയെ കൂട്ടുപിടിച്ച് ശ്രേയസ്സ് അയ്യര്‍ പഞ്ചാബ് സ്‌കോര്‍ 150 കടത്തി. വധേര(27)യും ശശാങ്ക് സിങ്ങും(2) പുറത്തായതോടെ പഞ്ചാബ് 168-4 എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ശ്രേയസ്സ് അയ്യര്‍ വെടിക്കെട്ട് തുടര്‍ന്നതോടെ പഞ്ചാബ് കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നു.
ഗ്ലെന്‍ മാക്‌സവെല്‍(3) നിരാശപ്പെടുത്തിയെങ്കിലും മാര്‍ക്കസ് സ്റ്റോയിന്‍സ് ടീം സ്‌കോര്‍ 245 ലെത്തിച്ചു. ശ്രേയസ്സ് അയ്യര്‍ 36 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത് പുറത്തായി. സ്റ്റോയിനിസ് 11 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു.