വേനല്‍ കടുത്താൽ , ദുരിതം കനക്കും; വേനൽ തുടങ്ങും മുമ്പേ കുമരകത്ത് ശുദ്ധജലക്ഷാമം രൂക്ഷം.
സ്വന്തം ലേഖിക.
കുമരകം : വേനലാണ്…. പടിഞ്ഞാറൻ മേഖലയെ സംബന്ധിച്ച് ദുരിതകാലമെന്നും പറയാം. കുടിവെള്ളത്തിനായി അത്രയേറെ അലയുന്ന ദിനങ്ങള്‍ ആണത്.
വേനല്‍ തുടങ്ങുംമുമ്പേ കുമരകം ഉള്‍പ്പെടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്.കുമരകത്തിന്റെ കിഴക്കൻ മേഖലകളിലാണ് ഏറെ പ്രതിസന്ധി. വാര്‍ഡുകളിലെ മൂലയില്‍, പാറേക്കാട്, കാക്കരയം, പന്നിക്കോട്, മുപ്പതില്‍ ഭാഗങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കാട്ടുത്തറ ടാങ്കില്‍ നിന്നാണ് ഈ ഭാഗങ്ങളില്‍ കുടിവെള്ളമെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈപ്പ് തുറന്നാല്‍ നൂല് വണ്ണത്തിലാണ് വെള്ളമെത്തുന്നത്. ഈ അവസ്ഥ തുടങ്ങിയിട്ട് രണ്ട് മാസക്കാലത്തോളമായി. വാട്ടര്‍ അതോറിട്ടി മെയിന്റനൻസ് ജീവനക്കാര്‍ എത്തി നന്നാക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.
കോട്ടയം കുമരകം റോഡില്‍ ചെങ്ങളം വായനശാല ഭാഗത്ത് പ്രധാന പമ്പിംഗ് ലൈൻ പൊട്ടി വെള്ളം ഒഴുകി പാഴായി പോകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വാട്ടര്‍ അതോറിട്ടി, കെ എസ് ഇ ബി ,പൊതുമരാമത്ത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലാത്തത് മൂലം പ്രതിസന്ധി തുടരുകയാണ്.
വെള്ളൂപ്പറമ്പില്‍ നിന്നും പമ്പ് ചെയ്ത് ചെങ്ങളം കുന്നുംപുറത്തെ ഓവര്‍ഹെഡ് ടാങ്കില്‍ ശുദ്ധീകരിച്ച് കുമരകത്ത് സ്ഥാപിച്ച പത്ത് ലക്ഷം ലിറ്ററിന്റെ 2 ഓവര്‍ ഹെഡ് ടാങ്കുകളില്‍ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുളള ലക്ഷകണക്കിന് ലിറ്റര്‍ ജലമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ മത്സരം മൂലം ചെങ്ങളം ഭാഗത്ത് പൈപ്പ് പൊട്ടി പാഴാകുന്നത്.
വിളവെടുപ്പു കഴിഞ്ഞ പാറേക്കാട്, കൊല്ലകേരി, ഇടവട്ടം എന്നീ പാടങ്ങളില്‍ നിന്നും വൈക്കോല്‍ അഴുകിയ വെള്ളം തോട്ടിലേയ്ക്ക് പമ്പ് ചെയ്തു കളയുന്നതിനാല്‍ തോടുകളിലെ ജലം ഉപയോഗിക്കാൻ കഴിയില്ല. അടിയന്തിരമായി ശുദ്ധജല വിതരണത്തിലെ തകരാറുകള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.