വീടിനുള്ളിൽ തീപടർന്ന് ബധിരയായ യുവതിയ്ക്ക് ദാരുണാന്ത്യം ; വീട് അകത്ത് നിന്നും പൂട്ടിയിരുന്നുവെന്ന് പൊലീസ് : സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
പാലക്കാട്: വീടിനുള്ളിൽ തീ പടർന്ന് ബധിരയായ യുവതിയ്ക്ക് ദാരുണാന്ത്യം. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ മകൾ സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്.
അപകട കാരണം വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ തീ പിടുത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളിൽ നിന്നും തീ പടരുന്നത് കണ്ട അയൽവാസികൾ ഓടി എത്തുകയായിരുന്നു.
അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്ന സുമയെ രക്ഷിക്കാനായില്ല. സുമയുടെ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൃഷ്ണൻ രാവിലെ പണിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും പോയി. സഹോദരൻ സുധീഷും വീട്ടിൽ ഉണ്ടായിരുന്നില്ല.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗ്യാസ് സിലിണ്ടർ ഉൾപ്പടെ പുറത്തേക്ക് മാറ്റുകയും ചെയ്തു.സംഭവമറിഞ്ഞ് ഓടിയെത്തിയ അച്ഛൻ കൃഷ്ണൻ മകൾ അകത്തുള്ള കാര്യം പറയുകയായിരുന്നു.
അപ്പോഴേക്കും സുമ കിടന്നിരുന്ന മുറിയുടെ മേൽ ഭാഗം അടർന്നു വീണിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് തീ പൂർണമായും അണച്ചത്.
വീട് അകത്തു നിന്നും പൂട്ടിയിരുന്നതായി പൊലീസ് പറയുന്നു. സുമ കിടന്നിരുന്ന മുറിയിൽ നിന്നുമാണ് തീ പിടുത്തം ഉണ്ടായിട്ടുള്ളത്. സംഭവത്തെ തുടർന്ന് ചിറ്റൂർ ഡി വൈ എസ് പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുമയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.