ക്രൂരതയുടെ മറ്റൊരു മുഖംകൂടി ; അമ്മായിയമ്മയെ വീടിനു പുറത്താക്കി ഗേറ്റടച്ച് മരുമകൾ
സ്വന്തം ലേഖിക
കൊല്ലം: വൃദ്ധയായ അമ്മായിയമ്മയെ വീടിനുപുറത്താക്കി ഗേറ്റടച്ച് മരുമകൾ,നിസഹായയായ ആ അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.കൊല്ലം പരവൂർ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ഈ ദുർവിധി ഉണ്ടായത്.
മരുമകളുടെ പീഡനമേറ്റ് കഴിയുകയായിരുന്നു വർഷങ്ങളായി സുലോചനയമ്മ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ്. മകൻ മസ്‌ക്കറ്റിൽ ഉയർന്ന ജോലിയിൽ. മകൻ പ്രതിമാസം അമ്മയ്ക്ക് നൽകിയിരുന്നത് 750 രൂപയായിരുന്നു. വീട്ടിലെ ജോലി മുഴുവൻ ചെയ്തും നേരാവംവണ്ണം ആഹാരം പോലും കഴിക്കാതെയുമാണ് താൻ ഇത്രയും നാൾ ഇവിടെ കഴിഞ്ഞു കൂടിയിരുന്നതെന്ന് സുലോചനയമ്മ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാവിലെ മരുമകൾ വീടിന് പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ചോദിക്കാൻ വന്ന അയൽക്കാരോട് തൻറെ വീട്ടിലെ കാര്യം താൻ നോക്കിക്കൊള്ളാം എന്ന മറുപടിയാണ് മരുമകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പോലീസുകാരോടും അവർ തട്ടിക്കയറി.
അയൽവാസികളുടെ സംരക്ഷണയിലാണ് സുലോചനയമ്മ ഇപ്പോൾ. എന്തു വന്നാലും താൻ ഈ വീട്ടിൽ നിന്നു പോകില്ലന്നും അവിടെ കിടന്നു മരിക്കണമെന്നുമാണ് സുലോചനയമ്മയുടെ നിലപാട്്. വിഷയത്തിൽ ഇടപെടുമെന്നും ശക്തമായ നടപടികളെടുക്കുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.