
സ്വന്തം ലേഖക
ആലപ്പുഴ: സുകുമാര കുറുപ്പ് വീണ്ടും കേരളത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതോടെ കുറുപ്പിനെ കുറിച്ചുളള കഥകളും സജീവമായി. സുകുമാര കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്നും, മരിച്ചെന്നും, വിദേശത്തുണ്ടെന്നും തുടങ്ങി പല അപസര്‍പക കഥകളും വീണ്ടും മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും നിറയുന്നു. എന്നാല്‍ ഗോപാലകൃഷ്ണകുറുപ്പ് എന്ന സുകുമാരക്കുറുപ്പ് മരിച്ചുവെന്ന് ഉറപ്പിച്ച് പറയുകയാണ് അക്കാലത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫ്. അദ്ദേഹം ചാക്കോ വധം നടന്ന കാലത്ത് ചെങ്ങന്നൂര്‍ സിഐയും പിന്നീട് എസ്പിയായും വിരമിച്ച ഉദ്യോഗസ്ഥനാണ്. സുകുമാരകുറുപ്പിന്റെ കേസ്ഡയറി താന്‍ 1992ല്‍ അവസാനിപ്പിച്ചതായും മുന്‍ എസ്പി വ്യക്തമാക്കുന്നു.
യുക്തിസഹമായ കാര്യങ്ങള്‍ നിരത്തിയാണ് അദ്ദേഹം പിടികിട്ടാപ്പുളളിയായ കുറുപ്പ് മരിച്ചുവെന്ന് ഉറപ്പിച്ച് പറയുന്നത്. 1989ല്‍ നവംബറില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ നേഴ്‌സ് എഴുതിയ കത്താണ് വഴിത്തിരിവായത്. ബീഹാറിലെ ധന്‍ബാദിന് സമീപമുളള ചാടി എന്ന പട്ടണത്തിലെ ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്ന രാധാമണിയാണ് കത്തെഴുതിയത്. താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കുറുപ്പ് ചികിത്സയ്ക്ക് എത്തിയെന്നായിരുന്നു കത്തിലെ ഉളളടക്കം. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടേക്ക് യാത്ര തിരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാടിയിലെ ആശുപത്രിയില്‍ എത്തുബോള്‍ കുറുപ്പ് കടുത്ത ഹൃദ്രോഗിയായിരുന്നു. കാഷായ വസ്ത്രധാരിയായ അയാള്‍ പി ജെ ജോഷി എന്ന പേരാണ് നല്‍കിയിരുന്നത്. രോഗം കാരണം വളരെ അവശനായിരുന്നു. പൂനെയിലുളള മേല്‍വിലാസമാണ് പറഞ്ഞത്. കൈയില്‍ പണവുമുണ്ടായിരുന്നില്ല. കുറുപ്പിനെ പരിശോധിച്ച അവിടത്തെ ഡോക്ടര്‍, ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.മാത്തൂറിനെ കാണാന്‍ നിര്‍ദേശിച്ചു.
അവിടെ നിന്ന് കുറുപ്പ് കത്തുമായി ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ആശുപത്രിലെത്തി ഡോ. മാത്തൂറിനെ കണ്ടു. അവിടെ ചികിത്സയില്‍ കുറച്ച് ദിവസം കിടന്നു. ആശുപത്രിയില്‍ ചെറിയനാടുകാരിയായ രത്‌നമ്മ എന്ന നേഴ്‌സ് ഉണ്ടായിരുന്നു. നേഴ്‌സിന് കണ്ട മാത്രയില്‍ തന്നെ ജോഷിക്ക്, സുകുമാരകുറുപ്പുമായി സാമ്യം തോന്നി. അതോടെ അയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഹിന്ദിയാണ് സംസാരിച്ചിരുന്നതെങ്കിലും മലയാളത്തിന്റ ചുവയുണ്ടായിരുന്നു. ചില സമയങ്ങളില്‍ വേദന സഹിക്കാനാവാതെ അയ്യോ എന്ന് നിലവിളച്ചിരുന്നു. സുകുമാരകുറുപ്പിനുണ്ടായിരുന്നത് പോലെ പുറത്ത് കറുത്ത മറുകുമുണ്ടായിരുന്നുവെന്ന് നേഴ്‌സ് വ്യക്തമാക്കി.
അവിടെയും പൂനെയിലെ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. എയര്‍ഫോഴ്‌സിലുണ്ടായിരുന്ന കാലത്ത് കുറുപ്പിന് പൂനെയിലായിരുന്നു നിയമനം. എയര്‍ഫോഴ്‌സിലുണ്ടായിരുന്ന സരള എന്ന ഡോക്ടറുടെ മേല്‍വിലാസമായിരുന്നു അതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍ കുറുപ്പ് ഓപ്പറേഷന് വിധേയനാകാന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസം അയാള്‍ ആരുമറിയാതെ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇയാള്‍ ഉത്തരേന്ത്യയിലെ വിവിധ ജില്ലാ ആശുപത്രികളില്‍ പോയിട്ടുണ്ടെന്ന് തെളിഞ്ഞു. ആരോഗ്യസ്ഥിതി മോശമായ കാരണം എല്ലാ ഡോക്ടര്‍മാരും ഓപ്പറേഷന് നിര്‍ബന്ധിച്ചിരുന്നു.
ഒരിടത്തും ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ തയ്യാറായില്ല. ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാല്‍ കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരും. മാത്രമല്ല ഇയാള്‍ പോയ ആശുപത്രികളില്‍ എല്ലാം മലയാളി നേഴ്‌സുമാരുണ്ടായിരുന്നു. ഇതാണ് ആരോഗ്യനില അപകടത്തിലായിട്ടും ഓപ്പറേഷന് വിധേയമാകാന്‍ തയ്യാറാകാത്തതിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രികളില്‍ നിന്ന് രാത്രികളിലാണ് മുങ്ങുന്നത്. പോകുമ്‌ബോള്‍ രോഗത്തെ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടെ കൊണ്ടുപോകും. എല്ലായിടത്തും ഒരേ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. മുഷിഞ്ഞ കാഷായ വസ്ത്രത്തില്‍ തന്നെയായിരുന്നു എല്ലായിടത്തും എത്തിയിരുന്നത്. ജോഷി എന്ന് പറയപ്പെടുന്ന ആള്‍ പോയ എല്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും അന്വേഷണ സംഘം സുകുമാരകുറുപ്പിന്റെ വിവിധ ഫോട്ടോകള്‍ കാണിച്ചു. അവര്‍ കുറുപ്പിനെ തിരിച്ചറിയുകയും ചെയ്തു.
ഉത്തരേന്ത്യയിലെ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബൊക്കാറോയില്‍ നിന്ന് കാണാതായശേഷം ബീഹാറിലെ കിഷന്‍ഗഞ്ച് ആശുപത്രിയില്‍ എത്തിയതായി കണ്ടെത്തി. അവിടെയും മൂന്ന് ദിവസത്തെ വാസത്തിനുശേഷം അപ്രത്യക്ഷമായി. പിന്നീട് കണ്ടെത്തിയത് ബീഹാറിലെ പൂര്‍വ്വ ആശുപത്രിയിലായിരുന്നു. അവിടെയും പതിവ് പോലെ മൂന്ന് ദിവസം കിടന്ന ശേഷം മുങ്ങി. തുടര്‍ന്ന് ജോഷിയുടെ ആശുപത്രി വാസം ബീഹാറിലെ തന്നെ കത്തിനാറിലായിരുന്നു. പിന്നീട് കണ്ടെത്തിയത് ബംഗാളിലെ അസന്‍സോള്‍ ആശുപത്രിയിലാണ്.
അവിടെ അഞ്ച് ദിവസം കിടന്നതായി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. പിന്നീട് ബംഗാളിലെ ടിസ്‌കോ ആശുപത്രിയില്‍ ചെന്നതായി തെളിഞ്ഞു. ഏറ്റവും അവസാനം ഇയാള്‍ എത്തിയത് ബീഹാറിലെ റൂക്ക് നാരായണ്‍പൂര്‍ ആശുപത്രിയില്‍ 1990 ജനുവരി 14ന് ആയിരുന്നു. ആശുപത്രിയില്‍ എത്തുബോള്‍ വളരെ അവശനായിരുന്നു. ഡോക്ടര്‍മാര്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ രാത്രി അവിടെ നിന്നും മുങ്ങി.
പിന്നെ ഇയാളെ ഒരു ആശുപത്രിയിലും കണ്ടിട്ടില്ല. അവസാനം പരിശോധിച്ച ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു. ഇയാള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിട്ടുണ്ടാകില്ല. ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കില്‍ പോലും രക്ഷപ്പെടാന്‍ സാധ്യത കുറവായിരുന്നു. അത്രയും മോശമായിരുന്ന ആരോഗ്യസ്ഥിതി. ഈ നിഗമനത്തിലാണ് പോലീസ് സുകുമാര കുറുപ്പ് മരിച്ചുവെന്ന് തറപ്പിച്ച് പറയുന്നത്. എന്നാല്‍ മൃതശരീരം എങ്ങും കണ്ടുകിട്ടിയിട്ടില്ല. അതിന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെയാണ്. ബീഹാറില്‍ വഴിയരികിലും കടതിണ്ണകളിലും ആരെങ്കിലും മരിച്ചു കിടക്കുന്നത് കണ്ടാല്‍ അവര്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ ശ്മശാനങ്ങളില്‍ മറവു ചെയ്യും. അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളി അവസാനനിമിഷം വരെ ഭയന്ന് വിറച്ച് ഹൃദയം തകര്‍ന്ന് മരിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.