
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ കോ- ഓര്‍ഡിനേറ്റിങ്ങ് എഡിറ്റർ സുജയ പാര്‍വതി രാജിവെച്ചു.
പുതിയ തട്ടകം അനില്‍ ആയിരുരിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ബിഗ് ടിവിയിലേക്കെന്നാണു വിവരം. ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് കൂടുമാറ്റം ശക്തമായിരിക്കുകയാണ്. ബിഗ് ടിവിയുടെ വരവ് റിപ്പോര്‍ട്ടറിനെയാകും ബാധിക്കുക എന്നാണു കരുതിയിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സുജയ അവധിയിലായിരുന്നു. 2023 മുതല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു.
നേരത്തെ 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ച ശേഷമാണു റിപ്പോര്‍ട്ടറിലേക്ക് എത്തിയത്. മോണിങ്ങ് ഷോയ്ക്കു ഒപ്പം ഗുഡ് ഈവനിങ് ഷോ നിലവില്‍ സുജയ അവതരിപ്പിച്ചിരുന്നു.
ഉണ്ണി ബാലകൃഷ്ണന്‍ പോയതോടെ സുജയ പാര്‍വ്വതിയുടെ മികവിലാണ് മീറ്റ് ദി എഡിറ്റര്‍ ഷോ നിലനില്‍ക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടാണു റിപ്പോര്‍ട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.
ഏഷ്യാനെറ്റിലേക്കു ചേക്കേറിയ ഉണ്ണി ബാലകൃഷ്ണനു പകരക്കാരനായി വന്ന ജിമ്മി ജെയിംസ് അത്ര ശോഭിക്കുന്നില്ലെന്നാണു വിലയിരുത്തല്‍.
അരുണ്‍ കുമാറിനും സ്മൃതി പരുത്തിക്കാടിനും വേണ്ടത്ര ജനപ്രീതിയില്ല.
സുജയ പാര്‍വതി ബി.ജെ.പി അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ്. സുജയ രാജി വെക്കുന്നതോടെ ഈ ബാലന്‍സിങ് നഷ്ടമാകുമെന്നതാണു റിപ്പോര്‍ട്ടറിനുള്ള പ്രധാന വെല്ലുവിളി.
സുജയ പോകുന്നതോടെ റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

