
ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സ്ഥാനത്തു നിന്നും രാജിവെച്ച സുജയ പാർവതി ഇനി റിപ്പോർട്ടർ ടിവിയിൽ കോഓർഡിനേറ്റിങ് എഡിറ്റർ; ഇനിയുള്ള യാത്ര റിപ്പോർട്ടർ ടിവിക്കൊപ്പമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സുജയ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനിയുള്ള യാത്ര റിപ്പോർട്ടർ ടിവിക്കൊപ്പം. ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സ്ഥാനത്തു നിന്നും രാജിവെച്ച സുജയ പാർവതി ഇനി റിപ്പോർട്ടർ ടിവിയിൽ. റിപ്പോർട്ടർ ചാനലിൽ കോഓർഡിനേറ്റിങ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചതായി സുജയ വ്യക്തമാക്കി. ഇനിയുള്ള യാത്ര റിപ്പോർട്ടർ ടിവിക്കൊപ്പമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്താക്കി. ചാനലിന്റെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ബൊക്ക നൽകി സ്വീകരിക്കുന്ന ചിത്രങ്ങളും സുജയ പാർവതി പുറത്തുവിട്ടു.
ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും സുജയ വേദിയിൽ പറഞ്ഞിരുന്നു. മാനേജ്മെന്റിന്റെ നടപടിക്ക് എതിരെ സംഘ്പരിവാർ സമ്മർദം ഏറിയപ്പോഴാണ് മാർച്ച് 29ന് സുജയയുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് ഓഫീസിൽ പ്രവേശിക്കാനെത്തിയ സുജയക്ക് ആർഎസ്എസ് സ്വീകരണവും നൽകിയിരുന്നു. തിരികെ ജോലിയിൽ പ്രവേശിച്ചു ചാനലിൽ വാർത്ത വായിച്ചതിന് ശേഷമാണ് സുജയ രാജിവെച്ചതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജി പ്രഖ്യാപന വിവരം അറിയിച്ചു കൊണ്ട് ഫേസ്‌ബുക്കിലും അവർ കുറിച്ചിരുന്നു. അതിങ്ങനെയാണ്: ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാർവതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓർമ്മകൾക്കും സഹപ്രവർത്തകർക്ക് നന്ദി പറയുന്നതായും സുജയ പാർവതി അറിയിക്കുന്നു.
ഗോകുലം ഗോപാലൻ അടക്കം പണമിറക്കിയാണ് റിപ്പോർട്ടർ ടിവിയിൽ അടിമുടി മാറ്റങ്ങൾക്ക് തുടക്കമിട്ടത്. നികേഷ് കുമാറിൽ നിന്നും ചാനൽ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഈ കമ്പനിയിൽ ഗോകുലവും പണമിറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപി കർണാട അധ്യക്ഷൻ നളിൻ കുമാർ കട്ടിൽ വഴി നിക്ഷേപം എത്തിയതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു.
അതേസമയം ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നികേഷ് കുമാർ തന്നെ തുടർന്നേക്കുമെന്നാണ് സൂചനകൾ. അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് സിപിഎം അവസരം നൽകുമെന്നാണ് നികേഷിന്റെ പ്രതീക്ഷ. അങ്ങനെ വാന്നാൽ ആ ഘട്ടത്തിൽ ചാനലിൽ നിന്നും പടിയിറങ്ങാനാണ് നീക്കം.