
സ്വന്തം ലേഖിക
കൊല്ലം: കടയ്ക്കലില്‍ വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകൻ(54) ആണ് മരിച്ചത്. രാവിലെയാണ് അശോകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് ഭാഗികമായി കത്തി നശിച്ചു.
വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വീടിന്റെ രണ്ട് മുറികള്‍ക്ക് കേടുപാട് സംഭവിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അശോകൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പുനലൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ അശോകന്റെ മകള്‍, ഭര്‍ത്താവ് ഒരു കേസില്‍പ്പെട്ട് ജയിലില്‍ ആയപ്പോൾ വീട്ടിലേക്ക് മടങ്ങി വന്നിരുന്നു. തുടര്‍ന്ന് അശോകൻ ഏറെ സന്തോഷവാനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനൊപ്പം മകള്‍ മടങ്ങിയത് അശോകനെ നിരാശനാക്കി. തന്റെ ഭാര്യയും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് വീടിന് തീവയ്ക്കുമെന്ന് അശോകൻ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന വേളയിലാണ് അശോകൻ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.