
തൃശ്ശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടന്ന് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് മരിച്ചത്. കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് മുസ്തഫ ആത്മഹത്യ ചെയ്തത്.
പലിശക്കാരില്‍ നിന്ന് തുടർച്ചയായി പീഡനം നേരിട്ടിരുന്നുവെന്നും, ഇത് സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മുസ്തഫയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഈ മാസം 10 നാണ് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്ലേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് മരിക്കും മുൻപ് മുസ്തഫ എഴുതിയ കുറിപ്പില്‍ പറയുന്നത്. 20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരില്‍ നിന്ന് വാങ്ങിയത്.
ഇതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് കുടുംബം പറയുന്നു. മുസ്തഫയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോയി. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദിച്ചുവെന്നും മുസ്തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


