ഒരു ജീവൻ പൊലിഞ്ഞപ്പോൾ സർക്കാർ കണ്ണ് തുറന്നു; ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Spread the love

പത്തനംതിട്ട: അധ്യാപികയ്ക്ക് ശമ്പളക്കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി.ടി. ഷിജോ(47) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.

വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തിര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ. എന്‍.ജി. അനില്‍കുമാര്‍, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷന്‍ ക്ലാര്‍ക്ക് ആര്‍. ബിനി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്‌കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

മൂന്നിന് വൈകിട്ട് മൂന്നിനാണ് വീടിന് സമീപം മൂങ്ങാംപാറ വനമേഖലയില്‍ ഷിജോയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി എടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group