നെയ്യാറ്റിൻകരയിലെ കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി: തീ കൊളുത്തിയ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു: ബാങ്ക് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ഒടുവിൽ മരിച്ചു. വീടിനുള്ളിൽ വച്ച് തീ കൊളുത്തിയ മകൾ തലക്ഷണം മരിച്ചിരുന്നു. നാലു മണിക്കൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ കഴിഞ്ഞ അമ്മ അൽപ സമയം മുൻപാണ് മരിച്ചത്. നെയ്യാറ്റിൻകര മാരായമുട്ടത്ത് ചന്ദ്രന്റെ ഭാര്യ ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവരാണ് വീട് ജപ്തി ചെയ്യുമെന്ന കാനറാ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വീടിനുള്ളിൽ തീ കൊളുത്തി ജീവനൊടുക്കിയത്. ഇതിനിടെ അമ്മയെയും മകളെയും ഭീഷണിപ്പെടുത്തിയ ബാങ്ക് മാനേജരെ പ്രതിയാക്കി കേസെടുക്കാൻ സർക്കാർ നിർദേശം നൽകി. ജപ്തി നടപടികൾക്കായി റവന്യു വകുപ്പ് അധികൃതർ പോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി റവന്യു അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.
90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ലേഖ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ വൈകിട്ട് ഏഴു മണിയോടെയാണ് ലേഖയുടെ മരണം സംഭവിച്ചത്. നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന്  അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ഇവർ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇതേ തുടർന്ന് ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഈ കുടുംബം ജീവനൊടുക്കിയതെന്നാണ് സൂചന.
അമ്മയുടെയും മകളുടെയും പോസ്റ്റ്മാർട്ടം നാളെ നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.