play-sharp-fill
ആ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാൻ വൈക്കത്ത് എത്തിയത് എന്തിന്..! കാണാതായ ശേഷം ഇരുവരും പോയത് എവിടേയ്ക്ക്; അമൃതയുടെയും ആര്യയുടെയും മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു

ആ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാൻ വൈക്കത്ത് എത്തിയത് എന്തിന്..! കാണാതായ ശേഷം ഇരുവരും പോയത് എവിടേയ്ക്ക്; അമൃതയുടെയും ആര്യയുടെയും മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു

തേർഡ് ഐ ബ്യൂറോ

വൈക്കം: കൊല്ലത്തും നിന്നും കാണാതായ ശേഷം വൈക്കത്തെ ആറ്റിൽ ചാടി മരിച്ച രണ്ടു പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത ഇരട്ടിയായി വർദ്ധിക്കുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്നും കാണാതായി മൂന്നു ദിവസത്തിനുള്ളിലാണ് ഇവരെ വൈക്കത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ യാത്രയിലെ ദൂരൂഹതയാണ് ഇപ്പോഴും അവസാനിക്കാതെ തുടരുന്നത്.


കഴിഞ്ഞ ദിവസം വൈക്കം മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചൽ ഇടയം അനിവിലാസത്തിൽ അമൃത (21), ആയൂർ അഞ്ജുഭവനിൽ ആര്യ ജി. അശോക് (21) എന്നിവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിലേക്കുപോയ ഇവരെ ഇന്നലെ രാവിലെയാണ് മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഇരുവരെയും കാണാതായതോടെ ചടയമംഗലം, അഞ്ചൽ സി.ഐമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി വൈക്കത്ത് നിന്നുള്ള സന്ദേശമെത്തുന്നത്. വൈക്കം പൊലീസ് അയച്ച് കൊടുത്ത ചെരിപ്പും തൂവാലയും ഇവരുടെതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസും ബന്ധുക്കളും ഞായറാഴ്ച വൈക്കത്തെത്തി ഫയർഫോഴ്‌സിന്റെ സഹായത്തോടെ കായലിൽ തിരച്ചിൽ നടത്തിയത്.

മരപ്പണിക്കാരനായ അശോകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയുടെയും രണ്ടാമത്തെ മകളാണ് ആര്യ. അഞ്ചൽ ഇടയത്ത് അനിവിലാസത്തിൽ അനി ശിവദാസൻ-ബിന്ദുകല ദമ്ബതികളുടെ മകളാണ് അമൃത. അഞ്ചലിലെ ഒരു കോളേജിൽ ബിരുദപഠനത്തിനെത്തിയത് മുതലാണ് ആര്യയും അമൃതയും ഉറ്റസുഹൃത്തുക്കളായത്. പരസ്പരം വീടുകൾ സന്ദർശിക്കുകയും ബന്ധുക്കളുടെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും ഉത്സവാഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. അമൃതയുടെ അച്ഛൻ അനി ശിവദാസൻ കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നപ്പോൾ അമൃത ആര്യയുടെ വീട്ടിലായിരുന്നു.

ബിരുദപഠനത്തിന് ശേഷം വേർപിരിയേണ്ടിവരുന്നതിലുള്ള വിഷമത്താൽ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെങ്കിലും മറ്റ് സാഹചര്യങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലാണെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും സൗഹൃദം ദുരന്തത്തിലവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് മറ്റു സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അമൃത തന്റെ ഫോണെടുത്തിരുന്നില്ല. അന്ന് രാവിലെ 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു സുഹൃത്തിന്റെ ഫോൺ വാങ്ങിയാണ് ആര്യയെ വിളിച്ചത്. അന്നുരാവിലെ 11ഓടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാൻഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ഇവിടെ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവർ ബസ് മാർഗം പോയെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിൽ ഏതാനും മിനിട്ട് ആര്യയുടെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച്ഡ് ഓഫായി.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവർ എവിടെ തങ്ങിയെന്നത് സംബന്ധിച്ച് പൊലീസിനും വ്യക്തതയില്ല. ഇക്കാര്യങ്ങൾ കണ്ടെത്താനായി തിരുവല്ല, കോട്ടയം, വൈക്കം ഭാഗങ്ങളിലേക്ക് അന്വേഷണം നീളുമെന്ന് പൊലീസ് വ്യക്തമാക്കി. ആര്യയുടെയും അമൃതയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇവർ തമ്മിൽ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്. സഹപാഠികളായ പെൺകുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇവർക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.