play-sharp-fill
ദക്ഷിണേന്ത്യയിലെ പരമ്പര കൊലപാതകി , കൊടുംകുറ്റവാളി സയനൈഡ് മോഹനന് ഇരുപതാം കേസിലും ജീവപര്യന്തം: മോഹനൻ നാവിൽ വിഷം വച്ച് കൊന്നതെല്ലാം സുന്ദരികളായ സ്ത്രീകളെ

ദക്ഷിണേന്ത്യയിലെ പരമ്പര കൊലപാതകി , കൊടുംകുറ്റവാളി സയനൈഡ് മോഹനന് ഇരുപതാം കേസിലും ജീവപര്യന്തം: മോഹനൻ നാവിൽ വിഷം വച്ച് കൊന്നതെല്ലാം സുന്ദരികളായ സ്ത്രീകളെ

ക്രൈം ഡെസ്ക്

മംഗളുരു: പരിചയപ്പെടുന്ന സ്ത്രീകളെ നാവിൽ സയനൈഡ് ഇറ്റിച്ച് നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കൊലപ്പെടുത്തിയിരുന്ന പരമ്പര കൊലപാതകി സൈനൈഡ് മോഹനന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ. നിരവധി വധശിക്ഷകളും ഒരു മനുഷ്യായുസിൽ അനുഭവിക്കാവുന്നതിന്റെ ഇരട്ടി ജീവപര്യന്തം തടവ് ശിക്ഷകളും വിവിധ കോടതികൾ ഇതിനോടകം മോഹനനെതിരെ വിധിച്ച് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ഇരുപത് യുവതികളെയാണ് മോഹനൻ തന്റെ പ്രണയക്കെണിയിൽപെടുത്തി സൈനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ഇവരുടെ ആഭരണങ്ങൾ കവർന്ന് എടുത്തത്.   കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച്‌ സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിലാണ് ഏറ്റവും ഒടുവിൽ മോഹനനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആത്മഹത്യയായി എഴുതി തള്ളിയ നിരവധി കേസുകളാണ് മോഹനൻ പിടിയിലായതോടെ കൊലപാതകമായി തെളിഞ്ഞത്. ഏറ്റവും ഒടുവിൽ മംഗലുരു ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയ്ക്ക് കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇനി അഞ്ച് കേസുകൾ കൂടി വിചാരണ നടക്കുന്നുണ്ട്.


ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ കന്യാന സ്വദേശിയാണ് മോഹന്‍കുമാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്‌മിയെന്ന 26 കാരിയെ മടിക്കേരിയില്‍ എത്തിച്ച്‌ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നതായാണ് ഏറ്റവും ഒടുവിലുണ്ടായ കേസ്.

ഇന്‍ഷുറന്‍സ് കമ്പനിനി ജീവനക്കാരനായ സുധാകര്‍ എന്ന് പരിചയപ്പെടുത്തിയാണ് മോഹന്‍കുമാര്‍ യുവതിയുമായി ചങ്ങാത്തത്തിലായത്. ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി. മടിക്കേരിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 2006 മാര്‍ച്ച്‌ 20-ന് യുവതിയെ മംഗളൂരുവിലേക്കു വിളിച്ചുവരുത്തി. യുവതിക്കൊപ്പം വന്ന ബന്ധുവായ സ്ത്രീയെ മടക്കി അയച്ച ശേഷം ആ രാത്രി ഇരുവരും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച്‌ താമസിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പിറ്റേന്ന് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞ് യുവതിയുമായി മടിക്കേരി ബസ് സ്റ്റാന്റിലെത്തിയ മോഹന്‍ കുമാര്‍, ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സൈനൈയ്ഡ് നല്‍കുകയായിരുന്നു. ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ പോയി ആരും കാണാതെ ഗുളിക കഴിക്കാനായിരുന്നു മോഹന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച യുവതി ശുചിമുറിയില്‍ രക്തം ഛര്‍ദ്ദിച്ച്‌ മരിച്ചുവീണു. ഇതിന് പിന്നാലെ ഹോട്ടല്‍ മുറിയിലെത്തിയ മോഹന്‍, യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ച്‌ കടന്നുകളഞ്ഞു.

മറ്റ് 19 കേസുകളിലും സമാനമായ രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യമായി പിടിക്കപ്പെട്ടപ്പോള്‍ തന്നെ മോഹന്‍, അയാള്‍ കൊലപ്പെടുത്തിയ 18 കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തില്‍ മറ്റ് രണ്ട് കേസുകള്‍ കൂടി തെളിഞ്ഞു.  മോഹന്‍ കുമാര്‍ കൂടുതല്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് കര്‍ണ്ണാടക പൊലീസ് ഇപ്പോഴും സംശയിക്കുന്നത്.

ആനന്ദയെന്നും ഭാസ്‌കരയെന്നും പേരുകളുള്ള മോഹന്‍കുമാറെന്ന സൈനൈയ്ഡ് മോഹന്‍ എന്തുകൊണ്ട് ഒരു സീരിയല്‍ കൊലപാതകിയായി മാറിയെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഭിന്ന മാനസിക ശേഷിയുള്ളയാളെന്ന് ഒരു ഘട്ടത്തില്‍ സംശയമുയര്‍ന്നിരുന്നു. പ്രതിയുടെ ജീവിതവും കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് വരെയുള്ള രീതികളും ഈ വാദത്തെ എതിര്‍ക്കുന്നതായിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‌വല്‍ സ്വദേശിയാണ് മോഹന്‍ കുമാര്‍. കര്‍ണ്ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡുക്കേഷന്‍ അദ്ധ്യപകനുമായിരുന്നു. പിന്നീടാണ് പല പേരുകളില്‍ പല നാടുകളില്‍ പല ജോലിക്കാരനായി കൊലപാതകങ്ങള്‍ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. അനിതയുടെ ഫോണിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍, ഇത് മുന്‍പ് ഉപയോഗിച്ചിരുന്നത് മോഹനാണെന്ന് കണ്ടെത്തി. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ മോഹനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ പ്രതി നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട് പൊലീസ് ഞെട്ടി.

താന്‍ കൊലപ്പെടുത്തിയെന്ന് സൈനൈയ്ഡ് മോഹന്‍ സമ്മതിച്ച, 18 യുവതികളില്‍ നാല് പേര്‍ പ്രതിയുടെ നാടായ ബന്ത്‌വല്‍ താലൂക്കില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ സുള്ള്യയിലെയും മൂന്ന് പേര്‍ പുത്തൂറിലെയും ഒരാള്‍ മൂഡബിദ്രിയിലെയും രണ്ട് പേര്‍ ബല്‍ത്തങ്ങാടിയിലെയും ഒരാള്‍ മംഗലുരുവിലെയും നിവാസികളായിരുന്നു. പത്ത് കൊലപാതകം നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സന്‍ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബെംഗലുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തും വച്ചാണ് കൊലപ്പെടുത്തിയത്.

മോഷണവും ചെറുപ്പക്കാരിയായ യുവതികളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടി മാത്രമാണ് താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്.

മോഷണവും ലൈംഗിക താത്‌പര്യവും മാത്രം ലക്ഷ്യമാക്കി യുവതികളെ പ്രണയിച്ച്‌ വശത്താക്കുകയാണ് ഇയാള്‍ ചെയ്ത് വന്നിരുന്നത്. പിന്നീട് വിശദമായി കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ ആസൂത്രണം ചെയ്യും. യുവതികളെ ഈ കൊലക്കെണിയിലേക്ക് സ്വയമേ എത്തിക്കുകയായിരുന്നു പ്രതിയുടെ ശീലം. കാസര്‍കോട് മുള്ളേരിയ സ്വദേശിനി പുഷ്‌പ എന്ന 26 കാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്‌പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) എന്നിവരടക്കം 18 കര്‍ണ്ണാടക സ്വദേശിനികളെ കൂടിയാണ് സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത്.