അവഗണന മടുത്ത കുറുപ്പ് കഴിഞ്ഞ തവണയും കത്തു നൽകി: അന്ന് പരിഗണിച്ചില്ല: ഈ സമ്മേളനത്തിനു മുൻപേ വീണ്ടും കത്തു നൽകി തന്നെ ഒഴിവാക്കണമെന്ന്: അങ്ങനെ കോട്ടയത്തിന്റെ കുറുപ്പ് സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പടിയിറങ്ങി.
കോട്ടയം: എസ്.എഫ്.ഐ പ്രസിഡന്റായും കേരള സർവകലാശാല യൂണിയൻ ചെയർമാനായും 1980കളില്‍ സി.പി.എമ്മില്‍ ഉദിച്ചുയർന്ന സുരേഷ് കുറുപ്പ് സംസ്ഥാന കമ്മിറ്റിയില്‍ പോലും അംഗമാകാതെ കോട്ടയം ജില്ലയിലെ മുൻനിരയില്‍ നിന്നും പടിയിറങ്ങി.
ഇനി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് കമ്മിറ്റിയംഗമെന്ന നിലയില്‍ പേരിനു പാർട്ടിയില്‍ തുടരും. തന്നേക്കാള്‍ ജൂനിയർ നേതാക്കള്‍ പാർട്ടി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയിട്ടും അർഹമായ അവസരങ്ങളിലെല്ലാം തഴഞ്ഞതാണ് ഈ പടിയിറക്കത്തിനു കാരണം. ജില്ലാ ഘടകത്തില്‍ നിന്നും ഒഴിവാക്കണമെന്ന കുറുപ്പിന്റെ അഭ്യർത്ഥന പാർട്ടി ജില്ലാ സമ്മേളനം അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ സമ്മേളനത്തില്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാത്തതിനാല്‍ ഇക്കുറി നേരത്തെ കത്തു നല്‍കി.ശനിയാഴ്ച രാത്രി കുറുപ്പിന്റെ കത്ത്പാർട്ടി നേതൃത്വം ചർച്ച ചെയ്തു. കോട്ടയത്തും എറണാകുളത്തുമായി താമസിക്കുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നും,രേഖാമൂലം ആവശ്യപ്പെട്ടതായതിനാല്‍ പാർട്ടി ഒഴിവാക്കിയെന്ന പഴി കേള്‍ക്കേണ്ടിവരില്ലെന്നും നേതൃത്വം വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവഗണനയില്‍ പ്രതിഷേധിച്ച് ഏറെ നാളായി പാർട്ടി വേദികളില്‍ കുറുപ്പ് സജീവമായിരുന്നില്ല. 68കാരനായ കുറുപ്പിന് അനാരോഗ്യമാണെന്ന പ്രചാരണമുണ്ടായെങ്കിലും ഇപ്പോഴുള്ള നേതാക്കളേക്കാള്‍ ആരോഗ്യം തനിക്കുണ്ടെന്ന് അദ്ദേഹം അടുപ്പക്കാരോട് പ്രതികരിച്ചു.
ലോക്സഭയിലും നിയമസഭയിലുമായി 26 വർഷം ജനപ്രതിനിധിയായിരുന്ന കുറുപ്പ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതിർന്ന നേതാവെന്ന നിലയില്‍ മന്ത്രിയോ നിയമസഭാ സ്പീക്കറോ ആയേക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെട്ടു. അന്ന് കോട്ടയം ജില്ലയില്‍ നിന്നുള്ള ഏക സി.പി.എം എം.എല്‍.എയായിരുന്നു.
മികച്ച പാർലമെന്റേറിയൻ എന്ന നിലയില്‍ എതിർ രാഷ്ട്രീയക്കാരുടെ പോലും ആദരവ് നേടിയ കുറുപ്പ് യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് സി.പി.എമ്മിന്റെ തുറുപ്പ് ചീട്ടായിരുന്നു. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജയിച്ച ഏക സി.പി.എം പ്രതിനിധിയെന്ന വിശേഷണത്തോടെയാണ് കുറുപ്പിന്റെ പാർലമെന്ററി രംഗത്തെ തുടക്കം.
അന്ന് കേരള കോണ്‍ഗ്രസിന്റെ ചെയർമാനും സിറ്റിംഗ് എം.പിയുമായ സ്കറിയ തോമസിനെയാണ് കുറുപ്പ് മലർത്തിയടിച്ചത്. കമ്മ്യൂണിസ്റ്റ് വിരുദ്ധർപോലും പാർട്ടി ചിഹ്നത്തില്‍ അന്ന് കുറുപ്പിന് വോട്ടു ചെയ്തത് ചർച്ചയായിരുന്നു. ഏഴ് തവണ മത്സരിച്ചപ്പോള്‍ നാലു തവണയും ലോക്സഭയിലെത്തി.
പി.സി.ചാക്കോയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവർ കുറുപ്പിന് മുന്നില്‍ അടിപതറിയിട്ടുണ്ട്.2009ല്‍ ജോസ് കെ.മാണിയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായി രണ്ട് തവണ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭയിലെത്തി.കുറുപ്പിനെപ്പോലൊരു നേതാവിനെ പാർട്ടി വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്ന അഭിപ്രായം നിഷ്പക്ഷമതികളായ അണികള്‍ക്കിടയില്‍ ശക്തമാണ്.
അവസരങ്ങള്‍ക്കായി ആരുടെയും വാതിലില്‍ മുട്ടുന്ന പ്രകൃതമായിരുന്നില്ല കുറുപ്പിന്റേത്. കുറുപ്പിനെ ഒപ്പം കൂട്ടാൻ കോണ്‍ഗ്രസടക്കമുള്ള പാർട്ടികള്‍ മുന്നിലുണ്ട്.കുറുപ്പിനെ റാഞ്ചാൻ ആർക്കും കഴിയില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ പ്രതികരണം