
മയക്കുമരുന്ന് കൈവശംവെച്ചതിന് സൗദിയിൽ രണ്ട് മലയാളികൾ അറസ്റ്റിൽ; രഹസ്യ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
സ്വന്തം ലേഖകൻ
റിയാദ്: മയക്കുമരുന്ന് കൈവശംവെച്ചതിൽ സൗദിയിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരനും പിടിയിലായി. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പർ അന്വേഷിച്ച് ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ദമ്മാമിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ അന്വേഷിച്ചാണ് സൈഹാത്തിലെ ഒരു കടയിലെത്തിയത്. ഈ കടയിൽ ഇത്തരം വസ്തുക്കൾ വിൽപന നടത്തുന്നതായി നേരത്തെ മനസിലാക്കിയ രഹസ്യ പോലീസ് കട നടത്തിയിരുന്ന സൗദി പൗരനെ ദിവസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു. പേപ്പർ വാങ്ങാനെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെന്ന ഉപാധിയിലാണ് ഇയാളെ പിന്നീട് വിട്ടയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും കടയ്ക്ക് സമീപം രഹസ്യ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. ഇതൊന്നുമറിയാതെ കടയിലെത്തി പേപ്പർ അന്വേഷിച്ച മലയാളി യുവാവിനെ, പേപ്പർ നൽകാമെന്ന് പറഞ്ഞ് കടയുടമ പോലീസുകാരുടെ അടുത്ത് എത്തിച്ചു. ഇയാളുടെ കൈയിൽ നിന്ന് കുറഞ്ഞ അളവിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. മയക്കുമരുന്ന് ഒരു സുഹൃത്താണ് നൽകിയതെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അൽഖോബാറിൽ നിന്ന് രണ്ടാമത്തെ മലയാളിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടാമത്തെ മലയാളിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്കൊപ്പം ജോലി ചെയ്യുന്ന ശ്രീലങ്കൻ പൗരനിലേക്ക് പോലീസ് എത്തിയത്.