play-sharp-fill
ശബരിമല യുവതി പ്രവേശനം: സന്നിധാനത്തെ ശുദ്ധികലശം പട്ടികജാതി വിഭാഗങ്ങളോടുള്ള അയിത്തം: നടപടിയുമായി പിന്നോക്ക ക്ഷേമ കമ്മിഷൻ; ബിന്ദുവിനും കനകദുർഗയ്ക്കും അഭിവാദ്യവുമായി വിവിധ സംഘടനകൾ

ശബരിമല യുവതി പ്രവേശനം: സന്നിധാനത്തെ ശുദ്ധികലശം പട്ടികജാതി വിഭാഗങ്ങളോടുള്ള അയിത്തം: നടപടിയുമായി പിന്നോക്ക ക്ഷേമ കമ്മിഷൻ; ബിന്ദുവിനും കനകദുർഗയ്ക്കും അഭിവാദ്യവുമായി വിവിധ സംഘടനകൾ

സ്വന്തം ലേഖകൻ

സന്നിധാനം: ശബരിലയിൽ യുവതികൾ കയറിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രാഹ്മിൺ വിഭാഗത്തിൽപ്പെട്ട കനകദുർഗയും, ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവുമാണ് ജനവുരി രണ്ടിന് ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമലയിൽ ദളിത് സ്ത്രീ കയറിയതിനു പിന്നാലെ ഇവിടെ ശുദ്ധികലശം നടത്തിയതാണ് ഇപ്പോൾ വിവദമായി മാറിയിരിക്കുന്നത്. ബ്രാഹ്മണരുടെയും സവർണ മേധാവിത്വത്തിന്റെയും നടപടികളുടെ ഭാഗമായി ദളിത് സ്ത്രീ സന്നിധാനത്ത് കയറിയത് അയിത്തമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 
ശബരിമലയിലെ ശുദ്ധികലശം നിയമവിരുദ്ധമാണെന്നും പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗം എസ്. അജയകുമാർ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇത് അയിത്താചരണത്തിന്റെ ഭാഗമാണെന്നും കോടതിയലക്ഷ്യമായി പരിഗണിക്കേണ്ടിവരുമെന്നുമാണ് അജയകുമാറിന്റെ പ്രസ്താവന. അയിത്തം ആചരിക്കുന്നത് ക്രിമിനൽകുറ്റവും, തടവ് ലഭിക്കാവുന്ന ഗുരുതരമായ വകുപ്പിൽ ഉൾപ്പെട്ടതുമാണ്. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ കാണേണ്ടത്.അഡ്വ. ബിന്ദുവും കനകദുർഗ്ഗയും ശബരിമല സന്ദർശനം നടത്തിയ വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്നാണ്  തീർത്ഥാടകരെ സന്നിധാനത്തു നിന്നും നീക്കി ശുദ്ധികലശം നടത്തിയത്. തന്ത്രിയും മേൽശാന്തിയും ചർച്ച ചെയ്ത ശേഷം നടയടച്ച് ശുദ്ധികലശത്തെക്കുറിച്ച് ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരം പരിഹാരക്രിയയ്ക്കായി നടയടഞ്ഞു കിടന്നിരുന്നു. തുടർന്നാണ് ഭക്തരെ വീണ്ടും ദർശനത്തിന് അനുവദിച്ചത്.
എന്നാൽ, ശബരിമലയിൽ പ്രവേശിച്ച യുവതികളിലൊരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളാണെന്ന വാർത്തകളാണ് പുറത്തു വരുന്നതെന്നും അങ്ങിനെയെങ്കിൽ തന്ത്രിയുടെ നടപടി അയിത്താചരണമാണെന്നുമാണ് അജയകുമാറിന്റെ പ്രതികരണം. ‘മല കയറിയ ഒരു സ്ത്രീ ദളിത് വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് പുറത്തുവരുന്ന വാർത്ത. അങ്ങിനെയെങ്കിൽ തന്ത്രിയുടെ ഈ നടപി സ്ത്രീ വിരുദ്ധവും അയിത്താചരണവുമായി കണക്കാക്കേണ്ടിവരും. പട്ടികജാതി വർഗ്ഗ കമ്മീഷൻ ഇതു പരിശോധിച്ച് വേണ്ടി നടപടികൾ സ്വീകരിക്കും’ അജയകുമാർ പറഞ്ഞു.
യുവതീപ്രവേശനത്തെത്തുടർന്ന് ‘ശുദ്ധികലശം’ നടത്തിയ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം രേഖപ്പെടുത്തപ്പെടുന്നതിനിടെയാണ് വിഷയം പരിശോധിച്ച് തന്ത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന കമ്മീഷനംഗത്തിന്റെ പ്രസ്താവന.
ഇതിനിടെ ബിന്ദുവിനും കനകദുർഗയ്ക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. ഇരുവർക്കും അഭിവാദ്യം അർപ്പിച്ച് ദളിത് ഹിന്ദു സംഘടനയാണ് ആദ്യം രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ ശബരിമലയുടെ യഥാർത്ഥ ഉടമസ്ഥരെന്ന് അവകാശപ്പെട്ട മലഅരയ വിഭാഗവും സന്നിധാനത്ത്് എത്തിയ യുവതികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ബ്രാഹ്മണ നായർ മേധാവിത്വമാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.