ശബരിമലയിലെ ഭരണകൂട ഭീകരത; കര്‍മ്മസമിതി ജനങ്ങളിലേക്ക്: ശശികലടീച്ചര്‍
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. യുവതീപ്രവേശനത്തെ ഏത് വിധേനയും സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗുഢനീക്കങ്ങളാണ് ഭക്തരെ ശബരിമലയില്‍നിന്നും അകറ്റുന്നത്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും നിയന്ത്രണങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ പോലും പരിഗണിക്കാതെ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവുകള്‍ ഒന്നുപോലും നടത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിയാണ് ഫലം. യുവതീ പ്രവേശനത്തിന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ നടത്തുന്ന സമരം തുടരുകതന്നെ ചെയ്യും. ആചാരലംഘനം അനുവദിക്കില്ല എന്ന നിലപാടുതന്നെയാണ് ശബരിമല കര്‍മ്മസമിതിക്ക് ഉള്ളത്. ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തും പമ്പയിലും പരിസരപ്രദേശങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടംതിരിയുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെത്തുന്നത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെട്ടിലാക്കും. ഇത് മനസ്സിലാക്കി ഭക്തരില്‍ ഭീതി ഉളവാക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭക്തര്‍ ശബരിമലയിലേക്ക് വരാന്‍ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ശബരിമല കര്‍മ്മസമിതി യോഗവിവരങ്ങള്‍ വെളിപ്പെടുത്തിയ ശശികല ടീച്ചര്‍ പറഞ്ഞു.
ശബരിമലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും യുവതീ പ്രവേശനത്തിനുമെതിരെ വ്യാപകമായ ബോധവത്ക്കരണ പരിപാടികള്‍ക്കാണ് കര്‍മ്മസമിതി രൂപം നല്‍കിയിട്ടുള്ളത്. ഡിസംബര്‍ മൂന്ന് വരെ സംസ്ഥാന വ്യാപകമായി നിധിശേഖരണം നടത്തും. സര്‍ക്കാര്‍ കള്ളക്കേസ്സില്‍ കുടുക്കിയ ഭക്തര്‍ക്ക് അനുകൂലമായ നിയമനടപടികള്‍ക്കാണ് നിധിശേഖരണം. ഗ്രാമങ്ങള്‍ തോറും അയ്യപ്പഭക്തര്‍ വീടുകളില്‍ എത്തി നടത്തുന്ന നിധിശേഖരണത്തെ സര്‍വ്വാത്മനാ പിന്തുണയ്ക്കണമെന്ന് ശശികല ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 4 മുതല്‍ 9 വരെ കുടുംബയോഗങ്ങളും അയ്യപ്പഭക്ത സമ്മേളനങ്ങളും നടത്തും. ലഘുലേഖകളുമായി ഭക്തര്‍ വീടുവീടാന്തരം കയറിയിറങ്ങി ബോധവത്ക്കരണം നടത്തും. 10ന് പത്തനംതിട്ടയില്‍ നടക്കുന്ന ഗുരുസ്വാമി സംഗമത്തോടെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. 11 മുതല്‍ 20 വരെ സംസ്ഥാന വ്യാപകമായി യുവതീ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദിക്കൊപ്പം ശബരിമല കര്‍മ്മസമിതിയും പ്രവര്‍ത്തിക്കും.
തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ നടന്ന യോഗത്തില്‍ സ്വാമി ചിദാന്ദപുരി അദ്ധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ പ്രസംഗിച്ചു.