play-sharp-fill
രോഗമല്ല പഠനവൈകല്യം, ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ജീവിതത്തെ ബാധിക്കാം

രോഗമല്ല പഠനവൈകല്യം, ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ജീവിതത്തെ ബാധിക്കാം

കുട്ടികളുടെ രണ്ടാമത്തെ വീടാണ് സ്കൂള്‍ എന്നാണല്ലോ. അവിടെ രക്ഷിതാക്കളുടെ സ്ഥാനത്താണ് അധ്യാപകരും. ഒരുപക്ഷേ, സ്കൂള്‍ കാലഘട്ടത്തില്‍ കുട്ടികളുടെ വളർച്ച മാതാപിതാക്കളേക്കാള്‍ കൂടുതല്‍ അറിയുന്നത് അധ്യാപകർക്കാവും

അവരുടെ ശരിതെറ്റുകള്‍ മനസ്സിലാക്കാനും തിരുത്താനും അധ്യാപകർക്ക് എളുപ്പമാകുന്നതും അതുകൊണ്ടാണ്. പഠനവൈകല്യം എന്ന അവസ്ഥ തിരിച്ചറിയാനും കുട്ടികളെ അതില്‍ നിന്ന് മെച്ചപ്പെടുത്താനും അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല.

എഴുതുക, വായിക്കുക, കണക്ക് പരിഹരിക്കുക തുടങ്ങി പഠനത്തിന് ആവശ്യമായ കഴിവുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് പഠനവൈകല്യമായി കണക്കാക്കുന്നത്. വായിക്കാൻ, വായിക്കുന്ന കാര്യങ്ങളെ മനസ്സിലാക്കി ഉള്‍ക്കൊള്ളാൻ, എഴുതാൻ, എഴുതിയത് പറയാൻ, കണക്കുകൂട്ടാൻ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളാണ് പഠനവൈകല്യമുള്ള കുട്ടികള്‍ നേരിടുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ നടക്കുന്നത് സ്കൂള്‍ കാലത്തിലായതു കൊണ്ട് തന്നെ അധ്യാപകർക്കാണ് കുട്ടികളുടെ ഇത്തരം വൈകല്യങ്ങള്‍ ആദ്യം മനസ്സിലാക്കാൻ കഴിയുക. എത്ര നേരത്തെ കണ്ടെത്തുന്നുവോ അത്ര നേരത്തെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇതിന് ചികിത്സ തേടി മികച്ച ഫലം കണ്ടെത്താനാകും. എന്നാല്‍, പലപ്പോഴും കുട്ടികള്‍ ഹൈസ്കൂള്‍ കാലത്തിലെത്തുമ്ബോഴാണ് ഇത്തരം പഠനവൈകല്യങ്ങളെക്കുറിച്ച്‌ രക്ഷിതാക്കള്‍ ആശങ്കപ്പെടാറുള്ളത്. അത് കൃത്യമായ ഇടപെടല്‍ വൈകിക്കുകയും അതിന്റെ ബുദ്ധിമുട്ടുകള്‍ കുട്ടികള്‍ അനുഭവിക്കുകയും ചെയ്യേണ്ടി വരാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളും പഠനവൈകല്യമല്ല. കേള്‍വി, കാഴ്ച, മോട്ടോർ സ്കില്‍ എന്നിവയിലെ തകരാറുകള്‍ കൊണ്ടും കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകാം. ബുദ്ധിശക്തിയിലെ പ്രശ്നങ്ങള്‍, മാനസികമായ പ്രശ്നങ്ങള്‍, ചുറ്റുപാടിലെ പ്രശ്നങ്ങള്‍, സാംസ്കാരികമോ സാമ്ബത്തികമോ ആയ കാരണങ്ങള്‍ ഇവയൊക്കെയും കുട്ടികളുടെ പഠനത്തെ ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുകയോ വ്യത്യസ്തത കാട്ടുകയോ ചെയ്താല്‍ ഒരു പ്രൊഫഷണലിന്റെ സഹായം തേടേണ്ടത് പ്രധാനമാണ്.

തലച്ചോറിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ് പഠനവൈകല്യം. ശരാശരിയിലോ അതിലും മേലെയോ ബുദ്ധിശക്തിയുള്ള കുട്ടി പഠനത്തില്‍ മാത്രം നേരിടുന്ന ബുദ്ധിമുട്ടാണ് പഠന വൈകല്യം. ഇത് മരുന്ന് കഴിച്ച്‌ മാറ്റാനാകുന്ന രോഗമല്ല. കൃത്യമായി കൈകാര്യം ചെയ്ത് നിയന്ത്രിച്ചില്ലെങ്കില്‍ പഠനത്തെ മാത്രമല്ല ജോലി ഉള്‍പ്പെടെയുള്ള തുടർജീവിതത്തിലും ഇത് ബാധിച്ചേക്കാം. കുടുംബത്തില്‍ നിന്നും ചുറ്റുമുള്ളവരില്‍ നിന്നും ലഭിക്കുന്ന പിന്തുണയോടെ സ്കൂള്‍ കാലഘട്ടത്തിലും തുടർന്നങ്ങോട്ടുള്ള ജീവിതത്തിലും വിജയം നേടാൻ ഇത്തരം കുട്ടികള്‍ക്ക് കഴിയുമെന്നതില്‍ തർക്കമില്ല.

അധ്യാപകർക്ക് എങ്ങനെ തിരിച്ചറിയാം ?

അധ്യാകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളില്‍ നല്‍കുന്ന നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കില്‍ അവരില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കുന്നതിലും അധ്യാപകരുടെ നിർദ്ദേശങ്ങള്‍ പിന്തുരാനും ബുദ്ധിമുട്ട്, വായിക്കാനുള്ള ബുദ്ധിമുട്ട്, ക്ലാസില്‍ ബോർഡിലെഴുതുന്നത് കൃത്യമായി പകർത്തി എഴുതാതിരിക്കുക, സാവധാനത്തില്‍ പകർത്തിയെഴുതുക, നോട്ടുപുസ്തകങ്ങള്‍ പൂർണ്ണമാക്കാതിരിക്കുക എന്നിങ്ങനെ ചില കുട്ടികള്‍ ചെയ്യാറുണ്ട്. തുടർച്ചയായി ഇതേ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത്തരം കുട്ടികള്‍ ഹോംവർക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ, ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക് എന്നിവ സൂക്ഷിക്കുന്നുണ്ടോ, അവർക്ക് ടൈംടേബിള്‍ പാലിക്കാനാവുന്നുണ്ടോ, പുസ്തകങ്ങള്‍ കൃത്യമായി എടുത്തുവയ്ക്കുന്നുണ്ടോ, പരീക്ഷ എഴുതുമ്ബോള്‍ പൂർണ്ണമാക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുക. പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ വായിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നതിനാല്‍ അദ്ധ്യാപകർക്ക് വായിച്ചു കൊടുക്കേണ്ടി വരികയോ പരീക്ഷയ്ക്ക് മുഴുവൻ ചോദ്യങ്ങളും എഴുതാതിരിക്കുകയോ മൂന്നോ നാലോ വരി മാത്രം എഴുതി നിറുത്തുകയോ ചെയ്യുന്ന കുട്ടികളൊക്കെ ഒരുപക്ഷേ പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം കാണിക്കുന്നത്.

കുട്ടികള്‍ എഴുതാനോ വായിക്കാനോ മടി കാണിച്ചാല്‍ അത് പഠിക്കാനുള്ള മടിയാണെന്ന് കരുതി ശിക്ഷിക്കരുത്. ഒരുപക്ഷേ, അവർ നേരിടുന്ന ബുദ്ധിമുട്ടാണ് നാം മടിയായി തെറ്റിദ്ധരിക്കുന്നത്. ചില കുട്ടികള്‍ക്ക് എഴുതാൻ മാത്രമോ, മറ്റു ചിലർക്ക് വായിക്കാൻ മാത്രമോ, ചിലർക്ക് കണക്കില്‍ മാത്രമോ ആണ് ബുദ്ധിമുട്ട് കാണിക്കാറുള്ളത്. ചില കുട്ടികള്‍ക്ക് ഇവയെല്ലാം ഒരുമിച്ചും കാണാം.

ലക്ഷണങ്ങളറിയാം

വായന

വായനയില്‍ ബുദ്ധിമുട്ട് ഉള്ളവർക്ക് അക്ഷരങ്ങളുടെ യഥാർത്ഥ ശബ്ദം തിരിച്ചറിയാൻ പറ്റാതെ വരും. വളരെ പതുക്കെ, ഒരു വാക്ക് വായിക്കാൻ ഒരുപാട് സമയമെടുക്കുകയോ ഓരോ അക്ഷരങ്ങളായി പെറുക്കി വായിക്കുകയോ ചെയ്യും. വായിക്കാൻ വിമുഖത, ചില വാക്കുകള്‍ ശബ്ദം കുറച്ച്‌ പതുക്കെ വായിക്കുക, ചില വാക്കുകളോ വരികളോ വായിക്കാതെ വിട്ടുകളയുക, ചില വാക്കുകള്‍ അധികമായി വായിക്കുക, അക്ഷരങ്ങള്‍ തലതിരിച്ച്‌ വായിക്കുക, ഒരു വാക്കിന് പകരം വേറെ വാക്ക് വായിക്കുക തുടങ്ങിയവയൊക്കെ വായനയില്‍ പഠനവൈകല്യമുള്ള കുട്ടികള്‍ കാട്ടുന്ന ലക്ഷണങ്ങളാണ്. അവരുടെ പദസമ്ബത്ത് വളരെ പരിമിതമായിരിക്കും. ചില കുട്ടികള്‍ വായിക്കുമ്ബോള്‍ പ്രത്യേകിച്ച്‌ ഭാവഭേദമില്ലാതെയാകും വായിക്കുക. കോമ, കുത്ത് പോലെയുള്ള ചിഹ്നങ്ങള്‍ ഒഴിവാക്കും. വായിക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ ഇരിക്കുക, ചിത്രങ്ങള്‍ കണ്ട് അത് എന്താണെന്ന് ഊഹിച്ച്‌ പറയാനോ വായിച്ചതിന്റെ സംഗ്രഹം പറയാനോ ബുദ്ധിമുട്ട്, വായിക്കാൻ ഇഷ്ടമില്ലാതെ ഇരിക്കുക, പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട്, വായിക്കാൻ പറയുമ്ബോള്‍ കരയുക എന്നിവയൊക്കെയും വായനയുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

എഴുത്ത്

കുട്ടികള്‍ എഴുതാൻ പെൻസില്‍ പിടിക്കുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. പെൻസില്‍ പിടിക്കുന്നതിലെ വ്യത്യാസം, അക്ഷരം എഴുതാൻ ബുദ്ധിമുട്ട്, എഴുതിയ അക്ഷരം വായിക്കാനാവാതെ വരിക, വളരെ പതുക്കെ എഴുതുക, ഇംഗ്ളീഷ് അക്ഷരമാലയിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും കൂട്ടിച്ചേർത്ത് വാക്കുകള്‍ എഴുതുക, എഴുതുന്ന അക്ഷരങ്ങള്‍ മാറിപോവുക, അക്ഷരങ്ങള്‍ കണ്ണാടിയില്‍ കാണുന്നതുപോലെ തല തിരിച്ച്‌ എഴുതുക, സ്പെല്ലിംഗ് മാറിപ്പോവുക, അക്ഷരങ്ങള്‍ കൂടുതല്‍ എഴുതിച്ചേർക്കുകയോ ചില അക്ഷരങ്ങള്‍ ഒഴിവാക്കുകയോ ചെയ്യുക, ഉപന്യാസങ്ങള്‍ എഴുതുമ്ബോള്‍ ഒരേ തെറ്റുകള്‍ ആവർത്തിക്കുക, ചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, വാക്കുകള്‍ തമ്മില്‍ അകലം ഇല്ലാതിരിക്കുക, ഉപന്യാസ രചനയില്‍ ആസൂത്രണം ഇല്ലാതിരിക്കുക എന്നിവയൊക്കെ എഴുത്തുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

കണക്ക് കൂട്ടല്‍ പിഴച്ചാല്‍

അക്കങ്ങള്‍ ഓർത്തെടുക്കാനും കൃത്യമായ ക്രമത്തില്‍ എഴുതാൻ പറ്റാതിരിക്കുക, അക്കങ്ങള്‍ തലതിരിച്ച്‌ എഴുതുക, കണ്ണാടിയില്‍ കാണുന്നത് പോലെ തലതിരിച്ച്‌ അക്കങ്ങള്‍ എഴുതുക, അടുത്ത്-അകലെ, ചെറുത്-വലുത്, മുമ്ബ്-ശേഷം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാൻ പറ്റാതെ വരിക, കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള ബുദ്ധിമുട്ട്, കണക്കിലെ പ്രശ്നം പരിഹരിക്കുമ്ബോള്‍ ഉപയോഗിക്കേണ്ട പടികള്‍ കൃത്യമായി പിന്തുടരാനാകാതെ വരിക, 10,100, 1000 തുടങ്ങിയവയുടെ മൂല്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവുക, കണക്കിലെ ചിഹ്നങ്ങള്‍ മാറിപ്പോവുകയോ അത് മനസ്സിലാകാതെ വരികയോ ചെയ്യുക എന്നിവയൊക്കെ കണക്കുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

അധ്യാപകർക്ക് രക്ഷകരാകാം

പഠനവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടികളെ ചേർത്തുനിർത്തേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണ്. അവരുടെ തെറ്റുകള്‍ക്ക് ഊന്നല്‍ നല്‍കാതെ, ശരികളെ പ്രോത്സാഹിപ്പിക്കുക. സ്കൂള്‍ ബാഗ് കൃത്യമായി സൂക്ഷിക്കാത്ത, നല്‍കുന്ന നിർദ്ദേശം പാലിക്കാത്ത കുട്ടികള്‍ക്കായി അധികസമയം ചെലവഴിക്കേണ്ടി വരും. അവർക്ക് അത്തരം കാര്യങ്ങള്‍ സ്വയം ചെയ്തോ എന്നറിയാൻ ചെക്ക്ലിസ്റ്റ് നല്‍കാം. ക്ലാസ് മുറികളില്‍ ചെയ്യുന്ന പ്രവർത്തനങ്ങളില്‍ നിന്ന് ശ്രദ്ധ മാറിപ്പോകുന്നുണ്ടെങ്കില്‍ അവരെ അതിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുക. പരീക്ഷകളില്‍ ചോദ്യപേപ്പർ വായിച്ചു നല്‍കി സഹായിക്കാം. കുട്ടികളുമായി ആശയവിനിമയം ലളിതമാക്കാം. ചിത്രങ്ങള്‍ കാണിച്ചുകൊണ്ടുള്ള ആശയവിനിമയം നടത്തുന്നത് അവർക്ക് എളുപ്പമായിരിക്കും. ഹോംവർക്കും മറ്റും നല്‍കുമ്ബോള്‍ അവർക്ക് അധിക സമയം നല്‍കുക. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ റെക്കാർഡ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നത് നന്നാകും. ബോർഡില്‍ എഴുതിയത് പകർത്തി എഴുതാൻ അവർക്ക് അല്‍പം സമയം കൂടുതല്‍ നല്‍കാം. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളുമായി തുറന്ന ആശയവിനിമയം നടത്തുക. നിങ്ങളുടെ ചെറിയ പ്രോത്സാഹനവും കരുതലും വലിയ വിജയങ്ങള്‍ നേടാൻ അവർക്ക് കരുത്തേകും. അദ്ധ്യാപകരെന്ന നിലയില്‍ അവരുടെ രക്ഷകരാകാം.