
ക്ഷേത്ര ഉത്സവത്തിനിടെ സീനിയർ വിദ്യാർത്ഥിയെ ആക്രമിച്ച 4 കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പാറശ്ശാല പോലീസ്; വിദ്യാർത്ഥികൾ തമ്മിൽ കോളേജിനുള്ളിൽ നേരത്തെ ഉണ്ടായ സംഘർഷമാണ് ഉത്സവപ്പറമ്പിലേക്കും എത്തിയത്
തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.