വടിവാളും മുളക് പൊടി സ്‌പ്രേയും കമ്പിവടിയുമായി നടുറോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി: കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം ഏറ്റുമുട്ടിയത് എംടി സ്‌കൂൾ, എംഡി സ്‌കൂൾ വിദ്യാർത്ഥികൾ: സംഘർഷത്തിൽ ഇടപെടാൻ എത്തിയത് ഗുണ്ടാ സംഘങ്ങളും; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; പൊലീസ് ഇടപെടലിൽ ഒഴിവായത് വൻ അപകടം

വടിവാളും മുളക് പൊടി സ്‌പ്രേയും കമ്പിവടിയുമായി നടുറോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി: കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപം ഏറ്റുമുട്ടിയത് എംടി സ്‌കൂൾ, എംഡി സ്‌കൂൾ വിദ്യാർത്ഥികൾ: സംഘർഷത്തിൽ ഇടപെടാൻ എത്തിയത് ഗുണ്ടാ സംഘങ്ങളും; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; പൊലീസ് ഇടപെടലിൽ ഒഴിവായത് വൻ അപകടം

സ്വന്തം ലേഖകൻ 

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനും കളക്ടറേറ്റിനും മധ്യയുള്ള റോഡിലെ ബസ് സ്‌റ്റോപ്പിൽ വിദ്യാർത്ഥികളുടെ കുട്ടയടി. കമ്പിവടിയും മുളക്‌പൊടി സ്‌പ്രേയും വടിവാളും മാരകായുധങ്ങളുമായി എത്തിയ വിദ്യാർത്ഥി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൂട്ടയടിക്കിടയിൽ പെട്ടുപോയ രണ്ടു വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. അടിപിടി കണ്ട് എത്തിയ വനിതാ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തെ കണ്ട് വിദ്യാർത്ഥികൾ ചിതറിയോടി. അടികിട്ടിയ രണ്ടുപേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പ് പ്രാഥമിക ചികിത്സ നൽകി. അക്രമി സംഘത്തിലെ മറ്റുളളവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 
ചൊവ്വാഴ്ച വൈകിട്ട് അ്ഞ്ചു മണിയോടെ കളക്ടറേറ്റിനും ഈസ്റ്റ് പൊലീസ് സ്റ്റേഷനും ഇടയിലുള്ള ബസ് സ്റ്റോപ്പിലായിരുന്നു വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം ഇവിടെ വച്ച് എം.ടി സെമിനാരി സ്‌കൂളിലെയും എം.ഡി സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ്ത്. ആദ്യ ദിവസമുണ്ടായ സംഘർഷത്തിൽ മർദനമേറ്റ വിദ്യാർത്ഥികൾ പ്രതികാരം ചെയ്യുന്നതിനായി സ്‌കൂളിനു പുറത്തു നിന്നുള്ള സംഘത്തെയും കൂട്ടി എത്തുകയായിരുന്നു. ബസ് സ്‌റ്റോപ്പിൽ നിരവധി ആളുകൾ നോക്കി നിൽക്കെയാണ് വിദ്യാർത്ഥികൾ ത്്മ്മിലടിച്ചത്. അക്രമം കണ്ട് സ്ത്രീകൾ അടക്കമുള്ളവർ ഭയന്ന് നിലവിളിച്ചു. 
അടിപിടിയുടെയും ബഹളത്തിന്റെയും ശബ്ദം കേട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടിയെത്തി. ഈ സമയം സബ് ജയിൽ ഭാഗത്തു നിന്നും വനിതാ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വരുന്നുണ്ടായിരുന്നു. രണ്ടു വശത്തു നിന്നും പൊലീസ് സംഘം എത്തിയതോടെ വിദ്യാർത്ഥികൾ പല വഴിയ്ക്ക് ചിതറിയോടി. അടികിട്ടി നിലത്ത് വീണ രണ്ടു കുട്ടികളെ മാത്രമാണ് പൊലീസിനു കിട്ടിയത്. തുടർന്ന സ്‌പൈഡർ പട്രോളിംഗ് സംഘത്തിന്റെയും കൺട്രോൾ റൂം പൊലീസിന്റെയും നേതൃത്വത്തിൽ അടിയുണ്ടാക്കിയ വിദ്യാർത്ഥികൾക്കായി പൊലീസ് സംഘം നഗരത്തിൽ തിരച്ചിൽ നടത്തി. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അടിപിടിയിൽ പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ പൊലീസ് സംഘം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 
തുടർച്ചയായ ദിവസങ്ങളിലാണ് നഗരത്തിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. എന്നാൽ, ഇത് ആദ്യമായാണ് മാരകായുധങ്ങളുമായി കുട്ടികൾ തമ്മിൽ ഏറ്റുമുട്ടുന്നത്.