
ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എംകെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ. എംകെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ വെളിപ്പെടുത്തി. ഇയാൾ നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.
പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർഗമില്ല. ആ കുട്ടിയും നിസാഹയനാണെന്ന് വിദ്യാർഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷ സമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം തുടരുകയാണ്.


