
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: കാൽനടയാത്രക്കാരനെ കമ്പിയിൽ കോർത്ത് ബാർബിക്യൂ ആക്കാൻ ഏറ്റുമാനൂരിലെ നടപ്പാതയിൽ കമ്പിക്കെണി. ഫുട്പാത്ത് കയ്യേറി കച്ചവടം ചെയ്യുന്ന വഴിയോരക്കച്ചവടക്കാരനാണ് റോഡരികിൽ കമ്പിക്കെണിയൊരുക്കിയിരിക്കുന്നത്. തന്റെ വിൽപ്പന വസ്തുക്കൾ സംരക്ഷിക്കുന്നതിനു വേണ്ടി കച്ചവടക്കാരൻ ഒരുക്കിയ കമ്പിയാണ് ഒടുവിൽ കെണിയായി മാറിയത്.
ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സെൻട്രൽ ജംഗ്ഷനിലെ നടപ്പാതയിലെ പഴക്കച്ചവടക്കാരനാണ് ഇത്തരത്തിൽ തോന്ന്യവാസം കാട്ടിയിരിക്കുന്നത്. ഫുട്പാത്ത് കയ്യേറി കച്ചവടം ചെയ്യുന്ന ഇയാൾ റോഡിലേയ്ക്ക് ഇറക്കിയാണ് സാധനങ്ങൾ എല്ലാം വച്ചിരിക്കുന്നത്. ഇത്തരത്തിൽ വച്ചിരിക്കുന്ന സാധനങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന വഴിയാത്രക്കാർ തട്ടാതിരിക്കാനാണ് ഒരു ചെറിയ നീളത്തിലുള്ള കമ്പി തന്റെ ഉന്തുവണ്ടിയിൽ നിന്നും റോഡിലേയ്ക്കു നീട്ടി വച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഏറ്റുമാനൂർ നഗരത്തിലൂടെ പെരുമഴയിൽ നടന്നു പോകുകയായിരുന്ന ഒരാളുടെ കാലിലാണ് കമ്പി തറഞ്ഞു കയറിയത്. മഴയിൽ നിന്നും രക്ഷപെടുന്നതിനായി അതിവേഗം നടക്കുന്നതിനിടെ കാലിൽ കമ്പി കൊള്ളുകയും, പാന്റ് കീറുകയും ചെയ്തു. വേഗം നടന്നു പോയതിനാൽ ആദ്യം ഇത് ശ്രദ്ധിച്ചില്ല. പിന്നീട്, വേദന അനുഭവപ്പെട്ടതോടെ നോക്കിയപ്പോഴാണ് പഴക്കച്ചവടക്കാരന്റെ ഉന്തു വണ്ടിയിൽ നിന്നും നീണ്ടു നിൽക്കുന്ന കമ്പിയാണ് കാലിൽ തറച്ചതെന്നു കണ്ടെത്തിയത്.
ഇതു സംബന്ധിച്ചു വഴിയോരക്കച്ചവടക്കാരനോട് ചോദിച്ചെങ്കിലും ഇയാൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. റോഡ് കയ്യേറിയത് കൂടാതെ ആളുകൾക്ക് അപകടകരമായ രീതിയിൽ കമ്പി നീട്ടി ഘടിപ്പിച്ച ഉന്തുവണ്ടികൂടിയാണ് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് നിയമ ലംഘനമാണ് എന്നും കയ്യേറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.