
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്‌ട്രോക്ക്.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്.
ഓരോ ശരീരഭാഗത്തില്‍ നിന്നും തലച്ചോറിലേക്ക് സിഗ്നലുകള്‍ എത്തുകയും, ആവശ്യമായ പ്രതികരണങ്ങള്‍ക്കായി തലച്ചോറ് ആ ഭാഗങ്ങളിലേക്ക് തിരിച്ച് സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുമ്ബോള്‍ സംഭവിക്കുന്ന ഒരു ഗുരുതരമായ അവസ്ഥയാണ് സ്ട്രോക്ക്. തലച്ചോറിലെ ഒരു ഭാഗത്തേക്കോ ഒന്നിലധികം ഭാഗങ്ങളിലേക്കോ രക്തപ്രവാഹം നിലയ്ക്കുമ്ബോള്‍ ആ ഭാഗം പക്ഷാഘാതത്തിന് (paralyzed) വിധേയമാകുന്നു.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഈ അവസ്ഥ എങ്ങനെ തടയാം? സ്ട്രോക്കിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.
മുന്നറിയിപ്പ് ലക്ഷണങ്ങള്‍:
സ്ട്രോക്ക് പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണ്. എങ്കിലും, ചില മുന്നറിയിപ്പ് ലക്ഷണങ്ങളിലൂടെ ഒരു വ്യക്തിക്ക് ഭാവിയില്‍ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. സാധാരണയായി ഡോക്ടർമാർ ഇതിനെ BEFAST എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
● B – Balance (സന്തുലിതാവസ്ഥ): ആരോഗ്യവാനായി തോന്നുന്ന ഒരാളുടെ സന്തുലിതാവസ്ഥ പെട്ടെന്ന് നഷ്ടപ്പെടുകയും പിന്നീട് കുറച്ചുനേരം കഴിഞ്ഞ് അത് സാധാരണ നിലയിലേക്ക് തിരികെ വരികയും ചെയ്യുക.
● E – Eyes (കണ്ണുകള്‍): പെട്ടെന്ന് കാഴ്ച മങ്ങുകയോ, കണ്ണിനുമുന്നില്‍ ഒരു മറ വീണതുപോലെ തോന്നുകയോ ചെയ്യുക. പിന്നീട് കാഴ്ച പൂർവസ്ഥിതിയിലാകുക.
● F – Face (മുഖം): സംസാരിക്കുന്ന സമയത്ത് പെട്ടെന്ന് മുഖം ഒരു വശത്തേക്ക് കോടിപ്പോവുകയും ഉടൻ തന്നെ അത് സാധാരണ നിലയിലാവുകയും ചെയ്യുക.
● A – Arms (കൈകള്‍): കൈ പെട്ടെന്ന് താഴേക്ക് വീണുപോവുക, പിന്നീട് സാധാരണ നിലയില്‍ പ്രവർത്തിക്കുക.
● S – Speech (സംസാരം): പെട്ടെന്ന് സംസാരം നിലച്ചുപോവുക, കുറച്ചുനേരത്തേക്ക് സംസാരിക്കാൻ കഴിയാതെ വരിക.
● T – Time (സമയം): മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് കണ്ടാല്‍ ഒട്ടും താമസിക്കാതെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തുക.
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് കണ്ടാല്‍, അത് തനിയെ ശരിയായെങ്കില്‍ പോലും, ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. കാരണം, ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമുണ്ടെന്നതിന്റെ സൂചനയാണ്. ഭാവിയില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. ലക്ഷണങ്ങള്‍ ഉടൻ ശരിയായില്ലെങ്കില്‍, അത് സ്ട്രോക്ക് സംഭവിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
സ്ട്രോക്ക് സംഭവിച്ചാല്‍ ചെയ്യേണ്ടത്
സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കാഴ്ച മങ്ങുക, സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, കൈകാലുകള്‍ക്ക് ബലക്ഷയം സംഭവിക്കുക, മുഖം കോടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ സ്ട്രോക്കിന്റെ സൂചനയാണ്. ഇത് സംഭവിച്ചാല്‍ സമയം പാഴാക്കാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. സ്ട്രോക്ക് സംഭവിച്ചാല്‍ ആദ്യത്തെ നാലര മണിക്കൂർ ‘ഗോള്‍ഡൻ പിരീഡ്’ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്തിനുള്ളില്‍ ചികിത്സ ആരംഭിക്കുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനും പൂർണ്ണമായ വീണ്ടെടുപ്പിനും നിർണ്ണായകമാണ്.
രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാകുമ്ബോള്‍, ആ ബ്ലോക്ക് മാറ്റാൻ രക്തം കട്ടപിടിക്കുന്നത് അലിയിക്കുന്ന ‘ബ്ലഡ് ക്ലോട്ട് ബസ്റ്റർ’ ഇൻജക്ഷനുകള്‍ നല്‍കുന്നു. ചില സന്ദർഭങ്ങളില്‍, ത്രോംബെക്ടോമി എന്ന സർജറിയിലൂടെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനും സാധിക്കും. വലിയ രക്തക്കുഴലുകളിലാണ് ബ്ലോക്ക് എങ്കില്‍ ഇത് ഫലപ്രദമാണ്. രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
സിടി സ്കാൻ, എംആർഐ തുടങ്ങിയ പരിശോധനകളിലൂടെ സ്ട്രോക്കിന്റെ സ്വഭാവവും തീവ്രതയും മനസ്സിലാക്കി കൃത്യമായ ചികിത്സ നല്‍കാൻ സാധിക്കും. പലപ്പോഴും ആളുകള്‍ ഈ വിഷയത്തില്‍ അലംഭാവം കാണിക്കുന്നതിനാല്‍ രോഗിയുടെ പൂർണ്ണമായ വീണ്ടെടുപ്പ് സാധ്യമാകാതെ വരുന്നു.
രോഗം വന്നതിനുശേഷം ആദ്യത്തെ മൂന്ന് മാസങ്ങള്‍ വളരെ നിർണ്ണായകമാണ്. ഈ സമയത്തുള്ള ഫിസിയോതെറാപ്പി രോഗിയുടെ വീണ്ടെടുപ്പിന് വളരെയധികം സഹായിക്കും. മൂന്ന് മാസത്തിനുശേഷവും മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും അതിന്റെ വേഗത വളരെ കുറവായിരിക്കും.
സ്ട്രോക്കിന്റെ കാരണങ്ങള്‍
ഏതൊരു പ്രായത്തിലുള്ള ആള്‍ക്കും സ്ട്രോക്ക് വരാം, എങ്കിലും ചില ആളുകള്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. നിയന്ത്രണാതീതമായ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോള്‍, പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന കാരണങ്ങള്‍.
ചില യുവാക്കളില്‍ ജനിതകപരമായ കാരണങ്ങളാല്‍ രക്തം കട്ടികൂടുന്നതും സ്ട്രോക്കിന് കാരണമാവാറുണ്ട്.
സാധാരണയായി 60-65 വയസ്സുള്ളവരിലാണ് സ്ട്രോക്ക് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മോശം ജീവിതശൈലി, ജിമ്മില്‍ വ്യായാമം ചെയ്യുമ്ബോള്‍ സംഭവിക്കുന്ന പരിക്കുകള്‍, കഴുത്തില്‍ മസാജ് ചെയ്യുന്നത് എന്നിവയും സ്ട്രോക്കിന് കാരണമായേക്കാം.
അടുത്തിടെയായി 50 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ സ്ട്രോക്ക് വരുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് പ്രധാന കാരണം മോശം ജീവിതശൈലിയും മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളുമാണ്. തണുപ്പുകാലത്ത് സ്ട്രോക്ക് സാധ്യത വർധിക്കാറുണ്ട്. തണുപ്പുള്ള സമയങ്ങളില്‍ രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ആളുകള്‍ കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നതും ഒരു കാരണമാണ്.