ഫ്രഷ് കട്ട് സമരം: സമരസമിതിയുടെ ആരോപണങ്ങള്‍ പരിശോധിക്കണം; സര്‍ക്കാരിന് മുന്നില്‍ ഉപാധികള്‍ വെച്ച്‌ ഫാക്ടറി ഉടമകള്‍

Spread the love

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിന് പിന്നാലെ സർക്കാരിന് മുന്നില്‍ ഉപാധികള്‍ വെച്ച്‌ ഫാക്ടറി ഉടമകള്‍.

സമരസമിതിയുടെ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കരിമ്ബാലക്കുന്ന് നിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കാൻ മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

 

ഫാക്ടറി മാലിന്യത്തില്‍ നിന്നുള്ള പാർശ്വഫലങ്ങളാണെന്ന് തെളിഞ്ഞാല്‍ ഫാക്ടി പൂട്ടിയിടും. ഇരുതുള്ളി പുഴയിലെ വെള്ളം പരിശോധിക്കണം. അനുവദിക്കപ്പെട്ട അളവില്‍ സംസ്കരിക്കുമ്ബോള്‍ ദുർഗന്ധം ഉണ്ടാകാറില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമരസമിതിയുടെ കൈവശമുണ്ട്. സമരസമിതിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അക്രമികളെ കണ്ടെത്തണം. നിയമാനുസൃതം പ്രവർത്തിക്കാൻ ഫാക്ടറിക്ക് അനുമതി നല്‍കണം. നാളെ സർവകക്ഷി യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ഉടമകള്‍ റിപ്പോർട്ടറിനോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

 

ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച്‌ നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘർഷത്തില്‍ കലാശിച്ചത്.

 

പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാവിലെ മുതല്‍ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്.

 

ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് എൻജിനുകള്‍പോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായത്. റൂറല്‍ എസ് പി, താമരശേരി എസ് എച്ച്‌ ഒ എന്നിവരുള്‍പ്പടെ 16ഓളം പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റുവെന്നും ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കുമെന്നും ഡിഐജി പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ 361 പേർക്കെതിരെ കേസെടുത്തിരുന്നു. നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘർഷമുണ്ടാക്കിയതിലാണ് 321 പേർക്കെതിരെ കേസെടുത്തിരുന്നത്.

 

സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേർക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറി തീവെച്ച്‌ നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.