
സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഫുഡ് ഡെലിവറി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർ ഡിസംബർ 25നും ഡിസംബർ 31നും രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ജോലി സാഹചര്യങ്ങള്‍ ദിനംപ്രതി മോശമാകുകയാണെന്നാരോപിച്ചാണ് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്‌ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സും ചേർന്ന് ആണ് സമരം പ്രഖ്യാപിച്ചത്.
യൂണിയനുകളുടെ പ്രസ്താവന പ്രകാരം, ഡെലിവറി തൊഴിലാളികള്‍ വരുമാന കുറവ്, അനിശ്ചിതമായ ജോലി സമയം, സുരക്ഷിതമല്ലാത്ത ഡെലിവറി ലക്ഷ്യങ്ങള്‍, സാമൂഹ്യസുരക്ഷയുടെ അഭാവം എന്നീ പ്രശ്നങ്ങള്‍ നേരിടുകയാണ്. പത്ത് മിനിറ്റ് ഡെലിവറി പോലുള്ള അതിവേഗ മോഡലുകള്‍ പിൻവലിക്കുക , യഥാർത്ഥ ചെലവും സമയവും പ്രതിഫലിപ്പിക്കുന്ന ശമ്ബളഘടന നടപ്പാക്കുക , തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
അപകട ഇൻഷുറൻസ്, സുരക്ഷാ ഉപകരണങ്ങള്‍, നിർബന്ധിത വിശ്രമ ഇടവേളകള്‍, സ്ഥിരമായ ജോലി അനുവദിക്കല്‍, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ എന്നിവയും യൂണിയനുകള്‍ ആവശ്യപ്പെട്ടു. പ്ലാറ്റ്‌ഫോം കമ്ബനികളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ സർക്കാർ ഉടൻ ശക്തമാക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. നവംബർ 21ന് പ്രാബല്യത്തില്‍ വന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ പശ്ചാത്തലത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ വാർഷിക വരുമാനത്തിന്റെ 2 ശതമാനം വരെ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് സംഭാവന നല്‍കണം. ഇത് ആരോഗ്യകവർ, അപകട ഇൻഷുറൻസ് തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്കായാണെങ്കിലും, ഇത് മതിയാകില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


