
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസിൽ ഇരക്ക് പിന്തുണയുമായി സമരം നടത്തിയ സിസ്റ്റര്‍ അനുപമ മഠം വിട്ടിറങ്ങി. ചരിത്രത്തിലാദ്യമായാണ് കത്തോലിക്കാ സഭയുടെ നിലപാടിനെതിരെ ഒരുസംഘം കന്യാസ്ത്രീകൾ രംഗത്ത് ഇറങ്ങിയത്. കേസിൽ തോറ്റെങ്കിലും സഭാ സംവിധാനത്തിൽ നീതിതേടി സ്ത്രീകൾ നടത്തിയ ആദ്യ മുന്നേറ്റമെന്ന നിലയിൽ അത് ചരിത്രത്തിൽ ഇടംപിടിച്ചു.
കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരപരമ്പരയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിയമത്തിന് മുന്നിൽ എത്തിച്ചത്. ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോയെ 2018 സെപ്തംബർ 21നാണ് അവിടെ നിന്ന് വിളിച്ചുവരുത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട് നാടുകുന്ന് സെൻ്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം അന്തേവാസിയായിരുന്ന കന്യാസ്ത്രീ, സഭയിലെ ഉന്നതരെ പലരെയും പീഡനവിവരം അറിയിച്ചിട്ടും കാര്യക്ഷമമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനൊപ്പമാണ് കന്യാസ്ത്രീകൾ സമരമുഖത്തേക്ക് എത്തുന്ന അത്യപൂർവകാഴ്ച കേരളം കണ്ടത്. ഇത് ബിഷപിനും സഭയ്ക്കാകെയും ഉണ്ടാക്കിയ ക്ഷീണം തിരിച്ചറിഞ്ഞ വിശ്വാസികളിൽ ഒരുപക്ഷം അനുപമയെ ടാർഗറ്റ് ചെയ്തതോടെയാണ് സഭക്കുള്ളിലെ അവരുടെ നിലനിൽപ് പ്രതിസന്ധിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 ജനുവരി 14നാണ് തെളിവുകളുടെ അഭാവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു കൊണ്ട് കോടതിവിധി വരുന്നത്. സ്വാഭാവികമായും ഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു. താനുൾപ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്പോൾ കാര്യങ്ങൾ ഭേദമാകുമെന്ന് കരുതി അനുപമ കാത്തെങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ആലപ്പുഴ പള്ളിപ്പുറം സ്വദേശി അനുപമക്ക് പുറമെ കുറവിലങ്ങാട് കോൺവെന്റിലെ സിസ്റ്റർമാരായ ആൽഫി, നീന റോസ്, അൻസിറ്റ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതൽ കൊച്ചി നഗരത്തിൽ സമരമിരുന്നത്.