
കോട്ടയം: ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ അനധികൃതമായി പരസ്യം സ്ഥാപിക്കാൻ തകൃതിയായി നീക്കം. വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി മറികടന്നാണ് കോട്ടയം നഗരസഭയിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ ഒരു വിഭാഗം കൗൺസിലർമാർ നീക്കം നടത്തുന്നത്.
ഇന്ന് കൗൺസിൽ യോഗം നടക്കാനിരിക്കെ സ്വകാര്യ പരസ്യ കമ്പനി കവറുമായി കൗൺസിലർമാരെ കാണുകയാണ്. തങ്ങൾക്ക് അനുകൂലമായ തീരുമാനം കൗൺസിലിൽ ഉണ്ടാക്കാനാണ് പരസ്യ കമ്പനി കവറുമായി കൗൺസിലർമാരെ കാണുന്നത്. നഗരസഭയിലെ 52 കൗൺസിലർമാരിൽ 7 കൗൺസിലർമാരാണ് സ്വകാര്യ പരസ്യ കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭാ സെക്രട്ടറിയും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിലുള്ള കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് അനധികൃത ഇടപാടിനെതിരേ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ശാസ്ത്രീ റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭയ്ക്ക് രേഖാമൂലം കർശന നിർദേശം നൽകിയിട്ടുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് മറികടന്നാണ് ഒരു വിഭാഗം കൗൺസിലർമാർ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സ്വകാര്യ പരസ്യ കമ്പനിക്ക് ഒത്താശചെയ്യുന്നത്.
എന്നാൽ പിഡബ്ല്യുഡിയുടെ കത്തിനെ മറികടന്നും, വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചും കോട്ടയം നഗരസഭാ സെക്രട്ടറി ബി അനിൽകുമാർ സ്വകാര്യ പരസ്യ കമ്പനിക്ക് വഴിവിളക്ക് തൂണുകൾ സ്ഥാപിക്കാനും, ആയതിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനും സമ്മതം നൽകി. മാത്രവുമല്ല അഞ്ചുവർഷത്തേക്ക്പരസ്യനികുതിയും, മറ്റ് നികുതികൾ ഒന്നും തന്നെയും സ്വകാര്യ പരസ്യകമ്പനിയിൽ നിന്ന് നഗരസഭ വാങ്ങേണ്ടതില്ലെന്നും സെക്രട്ടറി ഉത്തരവിട്ടു.
എന്നാൽ സ്വകാര്യ പരസ്യ കമ്പനിക്ക് ഇത്തരത്തിൽ അനധികൃതമായി പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയത് കോട്ടയം നഗരസഭാ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെയാണ്. ഇത് മറികടക്കാനാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ അജണ്ടയായി ഇത് ചേർത്തത്. ഇതോടെയാണ് തങ്ങൾക്ക് അനുകൂലമായ തീരുമാനം കൗൺസിൽ യോഗത്തിൽ എടുക്കാൻ സ്വകാര്യ പരസ്യ കമ്പനി കവറുമായി കൗൺസിലർമാരെ കാണുന്നത്.
വഴിവിളക്ക് തൂണുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി ഉള്ളതിനാൽ നഗരസഭാ കൗൺസിലിന് അംഗീകാരം നൽകാൻ സാധിക്കില്ല എന്നിരിക്കേയാണ് ചില കൗൺസിലർമാരുടെ വഴിവിട്ട നീക്കം. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ ഇവർ കോഴ വാങ്ങിയതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇവരുടെ അനധികൃത സ്വത്ത് വകകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിക്കും