
സ്വന്തം ലേഖകൻ
കടുത്തുരുത്തി: രാവിലെ നടക്കാനിറങ്ങിയ കുട്ടികള്‍ക്കു നേരേ തെരുവ് നായ്ക്കളുടെ ആക്രമണം.
തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ ആറു വയസുകാരന് അയല്വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. പിന്നാലെ ചാടിയ യുവാവ് കുട്ടിയെ രക്ഷിച്ചു. കുട്ടിയുമായി യുവാവ് കയറില്‍ തൂങ്ങിക്കിടന്നാണ് രക്ഷകനായത്.
ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റി രക്ഷിച്ചത്. ഇന്നലെ രാവിലെ ആറോടെ പെരുവ കുന്നപ്പിള്ളി വേലിയാങ്കരയിലാണ് സംഭവം. കുന്നപ്പിള്ളി കോയിക്കല്‍ ഗിരീഷ്-സുജ ദന്പതികളുടെ ഇളയ മകന് ദേവാനന്ദ് (നന്ദു-ആറുവയസ് ) ആണ് അപകടത്തില്‍പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നന്ദുവും അയല്‍വാസി ശ്രീഹരിയും രാവിലെ നടക്കാന്‍ പോയപ്പോഴാണ് തെരുവ് നായയുടെ ആക്രമണമുണ്ടാകുന്നത്. നായ്ക്കള്‍ പുറകെയുണ്ടോയെന്നറിയാന് തിരിഞ്ഞു നോക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിലേക്കു നന്ദു വീണത്.
കിണറിന്റെ മുകളിലിട്ടിരുന്ന വലയും പൊട്ടിച്ചു കുട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. സംഭവം കണ്ട ഒക്കരണ്ടിയില് വീട്ടില്‍ റെജിയുടെ ഭാര്യ സ്മിത ഉറക്കത്തിലായിരുന്ന റെജിയെ വിളിച്ചെഴുന്നേല്പിച്ചു. റെജി കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്കു ചാടുകയായിരുന്നു. വെള്ളത്തിലേക്കു താണ കുട്ടിയെ ഉയര്‍ത്തിയെടുത്ത് തൊട്ടിയുടെ കയറില്‍ പിടിച്ചുനിന്നാണ് യുവാവ് കുട്ടിയുടെ ജീവന് രക്ഷിച്ചത്.
വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയറിട്ട് കൊടുത്തെങ്കിലും കുട്ടിയുമായി മുകളിലേക്കു കയറാന്‍ റെജിക്കു കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്നു കടുത്തുരുത്തി ഫയര്‍ഫോഴ്സെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. കുട്ടിക്കു പരിക്കുകളൊന്നുമില്ല.
സംഭവം അറിഞ്ഞ് നിരവധി നാട്ടുകാരും റെജിയുടെ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു.