ഓടിയെത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചു വലിച്ചു; കുട്ടിയെ രക്ഷിക്കാന്‍ നായയുമായി ഏറെ നേരം മല്പിടിത്തം; കടുത്തുരുത്തിയിൽ നാല് വയസുകാരിക്കും ബധിരയും മൂകയുമായ യുവതിക്കും തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
സ്വന്തം ലേഖിക
കടുത്തുരുത്തി: നാലു വയസുകാരിക്കും ഒപ്പമുണ്ടായിരുന്ന ബധിരയും മൂകയുമായ അമ്മയ്ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.
ഇരവിമംഗലത്തു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ നിര്‍ധന കുടുംബാംഗമായ ഇരവിമംഗലം കീരിമുകളേല്‍ ജോമോന്റെ ഭാര്യ എത്സയ്ക്കും മകള്‍ ഏയ്ഞ്ചലിനുമാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം വാര്‍ഡിലെ ഖാദി ഭവനു സമീപത്തെ അങ്കണവാടിയില്‍ നിന്ന് ഇരുവരും വീട്ടിലേക്കു മടങ്ങുന്നോള് ഉച്ചയ്ക്കു 3.30നാണ് സംഭവം. എത്സയുടെ കൈയില്‍ പിടിച്ചു നടക്കുകയായിരുന്നു ഏയ്ഞ്ചല്‍.
ഓടിയെത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചു വലിക്കുകയായിരുന്നു.
ശബ്ദമുണ്ടാക്കി നായയെ ഓടിക്കാന്‍ എത്സയ്ക്കാവില്ലാത്തതിനാല് കുട്ടിയെ രക്ഷിക്കാന്‍ നായയുമായി ഏറെ നേരം മല്പിടിത്തം നടത്തേണ്ടി വന്നു.
ഒടുവില്‍ കുഞ്ഞിന്റെ കരച്ചില് കേട്ട് അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ഇരുവരെയും തെരുവുനായയില്‍ നിന്നു രക്ഷിച്ചത്. എത്സയ്ക്കു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
അങ്കണവാടി അധ്യാപിക അന്നമ്മയും സഹായി സിജിയും ചേര്‍ന്നു കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്കി.
കുട്ടിക്ക് അലര്ജിയുണ്ടായതിനെത്തുടര്ന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും അവിടെനിന്നു കുട്ടികളുടെ ആശുപത്രിയിലേക്കും മാറ്റി.
കുട്ടിക്കു പ്രതിരോധ കുത്തിവയ്പ്പെടുത്ത വിവരം അറിഞ്ഞു വീട്ടിലെത്തിയ വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ബിജു മറ്റപ്പള്ളിയാണ് എത്സയ്ക്കും തെരുവു നായയുടെ കടിയേറ്റ വിവരം മനസിലാക്കിയത്. തുടര്‍ന്ന് എത്സയെയും മെമ്പറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കുട്ടിക്കും എത്സയക്കും മരുന്ന് അലര്‍ജിയായതിനാല്‍ ഇവര്‍ക്കും പുറത്തുനിന്നു വിലകൂടിയ മരുന്നു വാങ്ങിയാണ് കുത്തിവയ്പ്പെടുത്തത്.
എത്സമ്മയ്ക്ക് 26,000 രൂപയുടെയും ഏയ്ഞ്ചലിന് 5,000 രൂപയുടെയും മരുന്ന് വാങ്ങി. നിര്‍ധന കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി എല്‍സമ്മ ബിജു മുന്‍കൈയെടുത്താണ് ഇവര്‍ക്കു മരുന്നു വാങ്ങി നല്‍കിയത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ തെരുവുനായ ശല്യം പെരുകിയിരിക്കുകയാണെന്ന് പരാതി വ്യാപകമാണ്.