
പാമ്പാടി: പഞ്ചായത്തിലെ പൂതക്കുഴി പ്രദേശത്ത് പട്ടിക്ക് പേപിടിച്ചതായുള്ള വാർത്ത പരന്നതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികൾ.
ഇവിടെ റബ്കോ ഫാക്ടറിക്ക് സമീപമുള്ള എക്കറുകണക്കിന് സ്ഥലത്ത് ഫാക്ടറി മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയിരിക്കുകയാണ്. ഇവിടം തെരുവുനായ്ക്കളുടെയും കുറുനരികളുടെയും വിഹാര കേന്ദ്രമാണ്. ഇതിനുചുറ്റും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്.
ഇവിടത്തെ വീടുകളിലെ കോഴികളെ കുറുനരികളും തെരുവുനായ്ക്കളും പിടിക്കുന്നതു നിത്യസംഭവമായിരിക്കുന്നു. പ്രദേശത്ത് കറങ്ങിനടക്കുന്ന തെരുവുനായ്ക്കളിലാണ് പേവിഷബാധയുള്ളതായി സംശയമുയർന്നിരിക്കുന്നത്.
പേവിഷബാധ സംശയിക്കുന്ന നായ്ക്കളെ കൂട്ടിലടച്ച് നിരീക്ഷിച്ച് ഉറപ്പുവരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, നായ്ക്കളെ കൂട്ടിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് നാട്ടുകാരുടെ ഭീതിക്ക് കാരണം. തെരുവുനായ്ക്കൾ ധാരാളമുള്ള ഈ പ്രദേശത്ത് എത്ര നായ്ക്കൾക്ക് പേവിഷബാധ ഉണ്ടെന്ന് പറയാനാകില്ല. റബർ ടാപ്പിംഗ് ഉൾപ്പെടെ ഈ മേഖലയിൽ നിലച്ചിരിക്കുകയാണ്.
ആട്, പശു തുടങ്ങിയവയെ വളർത്തുന്ന കർഷകരും ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.