കോട്ടയം നഗരത്തിലെ തെരുവ് നായ ആക്രമണം : അലഞ്ഞുതിരിഞ്ഞു നടന്ന നായ കടിച്ചത് മുൻ നഗരസഭാ ചെയർമാൻ പി ജെ വർഗീസടക്കം ഏഴ് പേരെ; കായംകുളത്ത് നിന്ന് തൊടുപുഴയിലെ ഭാര്യവീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ യുവാവിനെയും പട്ടി കടിച്ചു; നഗരസഭാ അധികൃതർ പിടികൂടിയ നായ ചത്തതോടെ ആശങ്കയിലായി നാട്ടുകാരും വ്യാപാരികളും; തെരുവ് നായക്ക് പേ വിഷബാധ ഉള്ളതായി സംശയം

Spread the love

കോട്ടയം: നഗരത്തിൽ ഇന്നുച്ചയ്ക്ക് ഉണ്ടായ തെരുവ് നായ ആക്രമണത്തെ തുടർന്ന് ഏഴു പേർക്ക് നായയുടെ കടിയേറ്റു.

അലഞ്ഞുതിരിഞ്ഞു നടന്ന നായ കടിച്ചത് മുൻ നഗരസഭാ ചെയർമാൻ പി ജെ വർഗീസും, റിട്ട. ഫയർ ഓഫീസറുമടക്കം ഏഴ് പേരെയാണ് .

കായംകുളത്ത് നിന്ന് തൊടുപുഴയിലെ ഭാര്യവീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ യുവാവിനും പട്ടിയുടെ കടിയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ അധികൃതരും എബിസി സെൻ്റർ ജീവനക്കാരുമെത്തി പിടികൂടിയ നായ ചത്തതോടെ കടിയേറ്റവരും നാട്ടുകാരും ആശങ്കയിലായിട്ടുണ്ട്. തെരുവ് നായക്ക് പേ വിഷബാധ ഉള്ളതായ സംശയവും ഉയരുന്നുണ്ട്. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്ന സംശയവും ഉണ്ട്.

കോട്ടയം നഗരസഭയുടെ മുൻ ചെയർമാൻ പി ജെ വർഗീസ് , കാണക്കാരി സ്വദേശിയും റിട്ട ജില്ലാ ഫയർ ഓഫീസറുമായ വർഗീസ് , ടി ബി റോഡിലെ വിജെ ഫുട് വെയറിലെ ജീവനക്കാരൻ ഷാനവാസ്, പത്തനാട് സ്വദേശി സാജൻ ജേക്കബ്, പനച്ചിക്കാട് സ്വദേശി സിബി തോമസ്, തെള്ളകം സ്വദേശി രാമചന്ദ്രൻ, കായംകുളം സ്വദേശി നിധിൻ ബാബു എന്നിവരടക്കം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ നിതിൻ ബാബു തൊടുപുഴയിലെ ഭാര്യ വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് ഇറങ്ങിയതായിരുന്നു.

 

മാർക്കറ്റ് റോഡിൽ നിന്നും വഴിയാത്രക്കാരെ ആക്രമിച്ച നായ ടി ബി റോഡ് വഴി കെഎസ്ആർടിസി ഭാഗത്തേക്ക് ഓടുകയായിരുന്നു. ഓടിയ വഴി കണ്ണിൽ കണ്ടവരെയെല്ലാം നായ ആക്രമിച്ചു.

 

തുടർന്ന് എംജി റോഡിൽ മീൻ മാർക്കറ്റിന് സമീപം സ്വകാര്യ പുരയിടത്തിൽ നായ ഓടിക്കയറി. ഇവിടെ നിന്നും നഗരസഭാ ജീവനക്കാരും എബിസി സെൻ്റർ ജീവനക്കാരുമെത്തി നായയെ പിടികൂടി എബിസി സെന്ററിലേക്ക് മാറ്റി. പിടികൂടിയ നായ പിന്നീട് ചത്തു.

ഇതോടെ നായക്ക് പേ വിഷബാധയുള്ളതായി സംശയമുയർന്നു.