
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: തെരുവു നായ്ക്കളുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയവരുടെ എണ്ണം 8202 . 2022 ജനുവരി മുതൽ ജൂൺ 30 വരെയുള്ള ആറു മാസത്തിനുള്ളിൽ 8202 പേരാണ് നായയുടെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
ജനുവരി- 1298, ഫ്രെബ്രുവരി -1094, മാർച്ച് -1404, ഏപ്രിൽ -1395 , മേയ് -1498, ജൂൺ -1513 എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 30 ശതമാനം പേർ 14 വയസിനു താഴെയുള്ള കുട്ടികളാണ്. കോവിഡ് രൂക്ഷമായിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. അതിനാൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ് മരുന്നു വേണ്ടിവന്നതും ഈ മാസങ്ങളിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ മാസവും തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഉയരുകയായിരുന്നു. പ്രതിരോധ മരുന്നിനും ക്ഷാമം നേരിട്ടിരുന്നു. പിന്നീട് കെഎംഎസ്സിഎൽ വഴി ആവശ്യത്തിന് മരുന്ന് എത്തിക്കുകയായിരുന്നു. ഇപ്പോൾ മരുന്നിന് ക്ഷാമമില്ല എന്ന് അധകൃതർ പറയുന്നു.തെരുവു നായ്ക്കളെ നിയന്ത്രിച്ച് സംരക്ഷിക്കേണ്ടതും വന്ധ്യംകരണം നടത്തി പ്രത്യുത്പാദനം തടയേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
ഇക്കാര്യത്തിൽ പഞ്ചായത്തുകളോ നഗരസഭകളോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.തെരുവു നായ്ക്കളുടെ ശല്യം വർധിക്കുന്ന സംഭവങ്ങൾ ദിനപ്രതി കൂടുകയാണ്. കൊച്ചു കുട്ടികൾവരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നു. ബന്ധപ്പെട്ടവർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.