ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് ഏഴ് കോടിയോളം തട്ടിയെടുത്ത സംഭവം; കേസിൽ തയ്‌വാൻ സ്വദേശികളുൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

Spread the love

ചേർത്തല: ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. 7.65 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

video
play-sharp-fill

തയ്‌വാൻ സ്വദേശികളായ സുങ് മു ചി (മാർക്ക്–42), ചാങ് ഹോ യുൻ (മാർക്കോ–34), ഇന്ത്യൻ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.

ഗുജറാത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തയ്‌വാനില്‍ നിന്നുള്ള വാങ് ചുൻ വെയ് (സുമോക-26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ നേരത്തെ സബർമതി ജയിലിൽനിന്ന് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടു തയ്‌വാൻകാർക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ തട്ടിപ്പ് സംഘത്തിലെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്. യുഎസിൽ ഉൾപ്പെടെ ഉന്നത പഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തയ്‌വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്‍റെ ജോലി. സെയ്ഫ് ഹൈദർ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ കൈകാര്യം ചെയ്യുന്നതിലും വിദഗ്ദ്ധനാണ്.

ഗുജറാത്തിനു പുറമേ വിശാഖപട്ടണത്തും ഇവർക്കെതിരെ സൈബർ തട്ടിപ്പു കേസുണ്ട്. വിശാഖപട്ടണത്തെ ജയിലിൽ ഇവര്‍ ഒരു മാസത്തോളം റിമാൻഡിലായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച് തിരികെ സബർമതി ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമെത്തി കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിൽ നടത്തിയ സമാന തട്ടിപ്പിൽ പിടിയിലായ 10 പേരാണ് സബർമതി ജയിലിലുള്ളത്.

ആലപ്പുഴയിൽ ആദ്യം പിടിയിലായ ഇന്ത്യക്കാരായ പ്രതികളിൽനിന്ന് ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തയ്‌വാൻ സ്വദേശികളിലെത്തിയത്. ഇവരെ പിടികൂടി 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു. സുങ് മു ചി, ചാങ് ഹോ യുനും സ്വന്തമായി സോഫ്റ്റ് വെയറുകൾ ഉണ്ടാക്കി ഇടപാടുകാരുടെ ഒടിപി വരെ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഇവരാണ് സെയ്ഫ് ഹൈദറുമായി ഇടപെട്ട് ഇന്ത്യൻ ഇടപാടുകാരിൽ എത്തിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ ഡോ. വിനയകുമാറിന്‍റെയും, ഭാര്യയും ത്വക്ക് രോഗ വിദഗ്ദ്ധയുമായ ഡോ. ഐഷയുടെയും അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിയുന്നത്.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്(25), പ്രവീഷ് (35), അബ്ദുള്‍ സമദ് (39) എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 19 ന് കേസിലെ 10,11 പ്രതികളായ തായ്‌വാനിലെ തവോയുവാനിൽ നിന്നുള്ള വാങ് ചുൻ വെയ് (സുമോക-26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇവർ നിലവിൽ അഹമ്മദാബാദ് സബർമതി ജയിലാണ്. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി പ്രതികളെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.