
ന്യൂഡൽഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരത്തിൻ്റെ തുടക്കത്തിൽ ഡോളറിനെതിരെ 56 പൈസയുടെ ഇടിവ് നേരിടേണ്ടിവന്നു.
ഇപ്പോള്‍ 86.08 രൂപ നൽകേണ്ട അവസ്ഥയാണ്. അതായത്, രൂപയുടെ വില ഡോളറിനെതിരെ 86ന് മുകളില്‍ എത്തിയിരിക്കുന്നു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂലം എണ്ണവിലയില്‍ വലിയ വര്‍ധനവുണ്ടായത് രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു. ഇതുകൂടാതെ, ഓഹരി വിപണി തളർന്നതും പുറത്തേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും രൂപയുടെ വിലയ്ക്ക് സമ്മര്‍ദം സൃഷ്ടിച്ചു. വ്യാപാരത്തിന് തുടക്കത്തില്‍ രൂപയുടെ മൂല്യം 86.25 എന്ന നിലയിലായിരുന്നു. പിന്നീട് 86.08 എന്ന നിലയിലേക്ക് രൂപ നില മെച്ചപ്പെടുത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എണ്ണവിലയിൽ 8.59 ശതമാനത്തിന്റെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഓഹരി വിപണിയും കനത്ത നഷ്ടം ഉണ്ടായി.
സെൻസെക്സ് 1300-ലധികം പോയിന്റ് താഴ്ന്ന് നിലവിൽ 81,000 പോയിന്റിന് താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും ഇതേ രീതിയിലുള്ള ഇടിവ് അനുഭവപ്പെട്ടു. കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ ഗ്രിഡ്, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.