
കോട്ടയം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കാൻഡിഡേറ്റ് സെറ്റിങ് നടത്തി.
വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിങ് നടത്തിയത്.
നടപടികള്‍ക്ക് വരണാധികാരികള്‍ നേതൃത്വംനല്‍കി. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്പുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിന്റെ ഭാഗമായി പൂർത്തീകരിച്ചത്.
സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബല്‍ ബാലറ്റ് യൂണിറ്റില്‍ വച്ച് സീല്‍ചെയ്തു. വോട്ടുചെയ്യുമ്ബോള്‍ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തില്‍ വിവിപാറ്റ് യന്ത്രങ്ങളും പ്രവർത്തനസജ്ജമാക്കി.
അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു. കലക്ടർ ചേതൻകുമാർ മീണയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകരും വിവിധ കേന്ദ്രങ്ങളിലെത്തി നടപടികള്‍ വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൻസിഡേറ്റ് സെറ്റിങ്ങിനുശേഷം ഓരോ പോളിങ് ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റി.
യന്ത്രങ്ങള്‍ ഏപ്രില്‍ എട്ടിന് പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ ഇനി സ്‌ട്രോങ് റൂം തുറക്കൂ.
ഏപ്രില്‍ ഒന്പതിന് വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ത്തന്നെ സ്വീകരിക്കും.
തുടർന്ന് അന്നു രാത്രി തന്നെ വോട്ടു കേന്ദ്രങ്ങളിലെ പ്രത്യേക സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. കേന്ദ്രസേനയുടെയും കേരള സായുധ പൊലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും യന്ത്രങ്ങള്‍ സൂക്ഷിക്കുക. സ്‌ട്രോങ് റൂമുകള്‍ പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും.



